മലയാള സിനിമ ലോകത്തിന്റെയും ആരാധകരുടെയും കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ മമ്മൂട്ടി മികച്ച നടനായി. മികച്ച നടിക്കുള്ള അംഗീകാരം തേടി എത്തിയത് മലയാളികളുടെ പ്രയങ്കരിയായ വിൻസി അലോഷ്യസിനെയാണ്. രേഖ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് വിൻസിയെ പുരസ്കാരത്തിന് അർഹയാക്കിയത്. ഇപ്പോഴിതാ ആദ്യമായി ലഭിച്ച സ്റ്റേറ്റ് അവാർഡിന്റെ സന്തോഷത്തിലാണ് വിൻസി
നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് മുന്നിൽ വിൻസി അലോഷ്യസ് എത്തുന്നത്. പിന്നീട് ബിഗ് സ്ക്രീനിൽ ചുവടുവച്ച വിൻസി മലയാളികളെ ഒന്നടങ്കം അമ്പരപ്പിച്ചു. ഏത് കഥാപാത്രവും നിഷ്പ്രയാസം കെെകാര്യം ചെയ്യുന്ന നടിയായി. പ്രത്യേകിച്ച് ബോൾഡ് ആയ കഥാപാത്രങ്ങൾ. അത്തരത്തിൽ ഒരു കഥാപാത്രം ആയിരുന്നു രേഖയിലേയും.
എന്നാൽ നല്ലൊരു ചിത്രമായിരുന്നിട്ട് പോലും തിയറ്ററിൽ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്ന് വേണ്ടത്ര ഷോകൾ ലഭിച്ചില്ലെന്നും പറഞ്ഞ് റിലീസ് വേളയിൽ വിൻസി രംഗത്തെത്തിയിരുന്നു. അമ്പത് തിയറ്ററുകളാണ് സിനിമയ്‌ക്ക് ലഭിച്ചത്. പക്ഷേ അതായിരുന്നില്ല പ്രശ്നം. പ്രദര്‍ശിപ്പിക്കുന്ന തിയറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ലെന്നായിരുന്നു വിന്‍സി പറഞ്ഞത്. നടി പാര്‍വ്വതി തിരുവോത്തടക്കം വിന്‍സിയ്‌ക്ക് പിന്തുണയുമായി എത്തിയിരുന്നു. രേഖ എന്ന ചിത്രത്തിന് തിയറ്റിൽ വേണ്ടത്ര പ്രതികരണം ലഭിച്ചില്ലെങ്കിലും വിൻസിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെയാണ് താരത്തിനെ തേടി സംസ്ഥാന പുരസ്കാരം എത്തിയത്.
തിയറ്റിൽ വന്നിട്ടും ആളുകളിലേക്ക് എത്താതെ പോയ ചിത്രമായിരുന്നു രേഖ. പക്ഷേ ഇപ്പോള്‍ തനിക്ക് കിട്ടിയ അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി പറയുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് വിൻസിക്ക് ലഭിക്കുന്ന സമ്മാനം.
ഉത്തര കേരളത്തിലെ ഒരു നാട്ടിൽപുറത്തു കാരിയുടെ പ്രാദേശിക തനിമ വിൻസിയിലൂടെ വരച്ചുകാട്ടിയ ചിത്രമാണ് രേഖ. സ്വഭാവ വിശേഷങ്ങളും പ്രണയവും പ്രതിരോധവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത് എന്ന് ജൂറി പറഞ്ഞു. ജിതിന്‍ ഐസക് തോമസാണ് രേഖയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉണ്ണി ലാലുവാണ് രേഖയിൽ നായകനെ അവതരിപ്പിച്ചിരിക്കുന്നത്.
2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാ ലോകത്തേയ്‌ക്ക് വിൻസി ചുവടുവെച്ചത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് കനകം കാമിനി കലഹം, ജനഗണമന , ഭീമന്റെ വഴി, 1744 വൈറ്റ് ഓള്‍ട്ടോ, സോളമന്റെ തേനീച്ചകള്‍, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.















