രാജ്യത്തെ ചെറിയ റെയിൽവേ സ്റ്റേഷനുകളെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി പുതിയ വഴിയുമായി റെയിൽവേ. സ്റ്റേഷനുകളെ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയുന്നതിനായി അടുത്തുള്ള സ്റ്റേഷനുകളുടെ പേരുമായി പുനർനാമകരണം ചെയ്യാനുള്ള പദ്ധതിയിലാണ് ഇന്ത്യൻ റെയിൽവേ. ഇനി മുതൽ വെബ്‌സൈറ്റിലും ഓൺലൈനിലും യാത്രക്കാർ വലിയ സ്‌റ്റേഷനുകളുടെ പേര് തിരയുമ്പോൾ തന്നെ ഇതിന് താഴെയായി ഈ സ്‌റ്റേഷനുകളും കാണുവാൻ സാധിക്കും. റെയിൽവേയുടെ ആപ്പിലും ഇത്തരത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
ഇനി സൈറ്റിൽ കയറി ചെറിയ സ്റ്റേഷനുകളുടെ പേര് തിരയുമ്പോൾ ലഭിച്ചില്ല എങ്കിൽ ഇതിന് അടുത്തുള്ള അറിയപ്പെടുന്ന സ്റ്റേഷനുകളുടെ പേരിൽ തിരഞ്ഞാൽ മതിയാകും. ഇതിനോടൊപ്പം തന്നെ ബാക്കി സ്‌റ്റേഷനുകളുടെ പേരും ലഭ്യമാകും. അറിയപ്പെടാത്ത പ്രദേശങ്ങളിലെ സ്റ്റേഷനുകളുടെ പേര് പലപ്പോഴും യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി റെയിൽവേയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. 175 നഗരങ്ങളിലെ 725 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ പേര് മാറ്റുന്നതിനായി റെയിൽവേ പദ്ധതിയിട്ടത്.
ഇത് വിനോദസഞ്ചാരം ഏറെയുള്ള സ്ഥലങ്ങളിൽ വളരെയധികം ഗുണകരമായിരിക്കുമെന്ന് റെയിൽവേ അധികൃതർ അഭിപ്രായപ്പെടുന്നു. വിദേശികൾക്ക് പ്രയോജനകരമായിരിക്കുമെന്നും അധികൃതർ പറയുന്നു.















