മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലൂടെ മലയാളികളുടെ മനസ്സ് കവർന്ന താരമാണ് പ്രാചി തെഹ്ലാൻ. ഇന്ത്യൻ നെറ്റ്ബോൾ, ബാസ്കറ്റ്ബോൾ താരം കൂടിയാണ് പ്രാചി. തന്റെ പ്രിയപ്പെട്ട നടൻ ആരാണെന്ന് ചോദിച്ചാൽ പ്രാചി തെഹ്ലാന് ഒറ്റ ഉത്തരമേയുള്ളൂ, മമ്മൂട്ടി. പല അഭിമുഖങ്ങളിലും താരം ഇക്കാര്യം വെളുപ്പെടുത്തിയിട്ടുണ്ട്. മഹാനടനൊപ്പം മാമാങ്കത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് തന്നെ തന്റെ ഭാഗ്യമാണെന്ന് താരം പറയുന്നു. ഇപ്പോഴിതാ, നാല് വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട നടനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് പ്രാചി തെഹ്ലാൻ.
മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് പ്രാചി തന്റെ സന്തോഷം പ്രകടിപ്പിക്കുന്നത്. ‘ഏകദേശം 4 വർഷത്തിന് ശേഷം മമ്മൂക്കയ്ക്കൊപ്പം എന്റെ ഫാൻ മൊമന്റ്. കൊച്ചിയിലെത്തിയപ്പോൾ അദ്ദേഹത്തെ നേരിട്ട് പോയി കണ്ട് അഭിനന്ദിക്കാൻ എനിക്ക് തോന്നി. എനിക്ക് എങ്ങനെ ആ ധൈര്യം വന്നു. പ്രതിഭാധനനായ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലെ അസാധാരണമായ പ്രകടനത്തിന് 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു’.
‘ഇന്ന് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടി. എന്നത്തേയും പോലെ തന്നെ മമ്മൂക്ക നമ്മളെ ആകർഷിക്കുന്നു. സത്യസന്ധതയും നർമ്മബോധവും. അദ്ദേഹത്തിനൊപ്പമായിരിക്കുമ്പോൾ പുഞ്ചിരി അപ്രത്യക്ഷമാകില്ല. മമ്മൂക്കയുമായി സംസാരിക്കുമ്പോൾ ഞാൻ സന്തോഷവതിയാകുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ നമ്മൾ ആസ്വദിക്കും. സ്നേഹമുള്ള മനുഷ്യൻ. നിങ്ങൾക്കെല്ലാവർക്കും അസൂയ തോന്നട്ടെ! എന്നെ മമ്മൂക്ക ചേർത്ത് പിടിച്ചു. ഇന്നും എന്നും സ്നേഹമാണ് മമ്മൂക്ക’- എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് പ്രാചി തെഹ്ലാൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.
Comments