ആപ്പിളിന്റെ വാർഷിക ലോഞ്ചിനായി കാത്തിരിക്കുകയാണ് ടെക് പ്രിയർ. ഏറെ പ്രതീക്ഷയോടെയും അതിലേറെ ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഐഫോൺ 15 പ്രോ മാക്സിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളും വിവരങ്ങളുമാണ് അടുത്തിടെയായി പുറത്തുവരുന്നത്. മികച്ച സവിശേഷതകളാകും കമ്പനി ഒരുക്കിയിരിക്കുന്നതെന്ന പ്രതീക്ഷയിലാണ് ഫോൺ പ്രേമികൾ. ഐഫോൺ 15, ഐഫോൺ 15 പ്രോ എന്നിവയ്ക്കൊപ്പം പുതുതായി ഐഫോൺ 15 പ്രോ മാക്സും അവതരിപ്പിക്കുമെന്നാണ് സൂചന.
സെപ്റ്റംബർ ആദ്യത്തെ വാരമോ, രണ്ടാമത്തെ വാരമോ ആകും ആപ്പിൾ ലോഞ്ചുകൾ നടത്തുന്നത്. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രീ-സെയിൽസ് ആരംഭിക്കാറുമുണ്ട്. സെപ്റ്റംബർ പകുതിയോടെ സ്റ്റോറുകളിലെത്തുകയും ചെയ്യും. 1,299 ഡോളർ മുതലാകും ഐഫോൺ 15 പ്രോ മാക്സിന്റെ വില ആരംഭിക്കുകയെന്നാണ് വിവരം. ഐഫോൺ 15 പ്രോയുടെ വലുപ്പത്തിൽ തന്നെയാകും പ്രോ മാക്സും വിപണിയിലെത്തുകയെന്നാണ് വിവരം. സ്റ്റെയിൻലെസ് സ്റ്റീലിന് പകരം ടൈറ്റാനിയം നിർമ്മിതമാകും ഇതിന്റെ കെയ്സ്. അതുകൊണ്ട് തന്നെ പുതിയ മോഡൽ ഫോണിന് ഭാരം കുറവായിരിക്കും. കടും ചുവപ്പ്, സിൽവർ, ഗോൾഡ്, ഗ്രാഫൈറ്റ്, സ്പേസ് ഗ്രേ അല്ലെങ്കിൽ സ്പേസ് ബ്ലാക്ക് എന്നിവയിൽ ഏതെങ്കിലും നാല് നിറങ്ങളിൽ ഫോൺ ലഭ്യമാകും.
ലോ- ലൈറ്റ് ഫോട്ടോഗ്രഫിയ്ക്ക് അനുയോജ്യമായ തരത്തിലാകും പുത്തൻ മോഡൽ. ഇതിനായി പുത്തൻ സെൻസറുകളും വലിയ ക്യാമറ സെൻസറും അവതരിപ്പിക്കാനും സാദ്ധ്യതയുണ്ട്. എ17 ബയോണിക് ചിപ്സെറ്റ് ആകും ഇതിലുണ്ടാവുക. എ16 നെ അപേക്ഷിച്ച് ഇരട്ടി ശേഷിയുള്ളതാകുമിത്. മികച്ച ബാറ്ററിയും വേഗതയേറിയ ചാർജിംഗ് വേഗതയും ഐഫോൺ 15 പ്രോ മാക്സ് നൽകും.
കൃത്യമായ റിലീസ് തീയതിയും സ്പെസിഫിക്കേഷനുകളും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ആപ്പിൾ പ്രേമികൾക്ക് പുതുമകളും നവീകരണങ്ങളും പ്രതീക്ഷിക്കാം.
Comments