തുടരെ തുടരെയുള്ള വിജയങ്ങൾ കരുത്തായി, ബാഡ്മിന്റൺ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് കയറി ഇന്ത്യൻ ജോഡികളായ സാത്വിക് സായ് രാജ് രങ്കിറെഡി-ചിരാഗ് ഷെട്ടി സഖ്യം.പുരുഷ സിംഗിൾസ് റാങ്കിംഗിൽ 10-ാം സ്ഥാനത്തുള്ള എച്ച്.എസ് പ്രണോയിയാണ് റാങ്കിംഗിൽ മുന്നിലുള്ള മറ്റൊരു ഇന്ത്യൻ താരം.
കൊറിയ ഓപ്പൺ 500 ബാഡ്മിന്റൺ സൂപ്പർ സീരീസ് വിജയത്തിനു പിന്നാലെ ചൊവ്വാഴ്ച പുറത്തുവന്ന ഏറ്റവും പുതിയ റാങ്കിങ്ങിലാണ് ഇന്ത്യൻ സഖ്യം രണ്ടാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ജോഡിയുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗാണിത്.
ഈ സീസണിൽ കൊറിയ ഓപ്പൺ (സൂപ്പർ 500), സ്വിസ് ഓപ്പൺ (സൂപ്പർ 300), ഇന്തോനേഷ്യ ഓപ്പൺ (സൂപ്പർ 1000) കിരീടങ്ങൾ നേടിയ ഇന്ത്യൻ സഖ്യത്തിന് നിലവിൽ 87,211 പോയിന്റാണുള്ളത്.
ഈ വർഷത്തെ നാലാമത്തെ ഫൈനൽ കളിച്ച സാത്വിക് -ചിരാഗ് ഷെട്ടി സഖ്യം ഇക്കഴിഞ്ഞ കൊറിയ ഓപ്പണിൽ ലോക ഒന്നാം നമ്പറുകാരായ ഇന്തോനേഷ്യയുടെ ഫജർ അൽഫിയാൻ-മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ തോൽപ്പിച്ച്കി രീടമുയർത്തിയിരുന്നു. ചൈനീസ് ജോഡികളായ ലിയാങ് വെയ് കെങ് – വാങ് ചാങ് സഖ്യത്തെ മറികടന്നാണ് ഇന്ത്യൻ സഖ്യം രണ്ടാം റാങ്കിലെത്തിയത്. അതേസമയം ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധു സിംഗിൾസ് റാങ്കിംഗിൽ 17-ാം സ്ഥാനം നിലനിർത്തി. സൈന നേവാൾ 37-ാം സ്ഥാനത്താണ്. ലക്ഷ്യ സെൻ 13-ാം സ്ഥാനത്തും കിഡംബി ശ്രീകാന്ത് 20-ാം സ്ഥാനത്തുമാണ്.
Comments