തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി സജികുമാറിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. കഴിഞ്ഞ ദിവസമാണ് മധുരയിലെ ലോഡ്ജിൽ മരിച്ച നിലയിൽ സജിയെ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം സഹകരണ ബാങ്കിലെ സാമ്പത്തിക തർക്കങ്ങളാണെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി അംഗവുമാണ് സജി.
ആത്മഹത്യക്കുറിപ്പിൽ സിപിഐ നേതാവ് ഭാസുരാംഗനെതിരെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗൻ തന്നെ ചതിച്ചെന്നും കുറിപ്പിൽ പറയുന്നുണ്ട്. സിപിഐ പ്രാദേശിക പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ള ഡയറിക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സുധീർഖാനെതിരെ ഡയറിയിൽ പരാമർശിച്ചിട്ടുണ്ട്. വെളളൂർക്കോണം സഹകരണസംഘത്തിലെ സുധീർഖാൻ സാമ്പത്തിക തിരിമറി നടത്തിയെന്നും പരാമർശമുണ്ട്.
ഞായറാഴ്ചയായിരുന്നു മാറനല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീർഖാന്‍റെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന സുധീർഖാന്റെ നിലവിളി കേട്ട് ഭാര്യ ഹയറുന്നീസ എത്തിയപ്പോഴേക്കും ദേഹമാസകലം പൊള്ളിയ നിലയിലായിരുന്നു സുധീഖാൻ കിടന്നിരുന്നത്. മൊബൈൽഫോൺ പൊട്ടിതെറിച്ചതെന്നാണ് സുധീർഖാന്റെ ഭാര്യ ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കട ആശുപത്രിയിലെത്തിച്ചപ്പോഴായിരുന്നു ആസിഡാക്രമണമാണെന്ന് ഇവർ തിരിച്ചറിയുന്നത്. 40 ശതമാനം പൊള്ളലേറ്റ സുധീർഖാനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. പിന്നീട് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ആസിഡ് കുപ്പി പോലീസ് കണ്ടെടുക്കുന്നതും അന്വേഷണം ആരംഭിക്കുന്നതും. എന്നാൽ ഒളിവിൽപ്പോയ പ്രതി സജിയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. ഇതിനിടയിൽ സജികുമാർ രണ്ട് സിപിഐ പ്രവർത്തകരെ ഫോണിൽ ബന്ധപ്പെട്ട് താൻ തന്നെയാണ് ആസിഡ് ആക്രമണം നടത്തിയതെന്ന് കുറ്റസമ്മതം നടത്തിയിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് സജികുമാർ ആദ്യം വിളിച്ച പാർട്ടിപ്രവർത്തകനെ വീണ്ടും വിളിച്ചതിനെത്തുടർന്ന് മധുരയ്‌ക്ക് സമീപമുള്ള ടവർ ലൊക്കേഷൻ പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സജികുമാറിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. അതേസമയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുധീർഖാന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
Comments