ഹരാരെ: പച്ചവെള്ളം പോലെ മലയാളം പറഞ്ഞ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. സിംബാബ്വെ ആഫ്രോ ടി10 ക്രിക്കറ്റിൽ തന്റെ ടീമായ ഹരാരെ ഹരികെയ്ൻസിന്റെ വിജയത്തിന് പിന്നാലെയായിരുന്നു താരത്തിന്റെ മലയാളം. ടൂർണമെന്റിൽ അത്യുഗ്രൻ ഫോമിലാണ് പാതി മലയാളിയായ താരം. ഇതാദ്യമാണ് താരത്തിന്റെ മലയാളത്തിലുള്ള സംസാരം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നത്.
കഴിഞ്ഞ ദിവസം ഡർബൻ ക്വലാൻഡേഴ്സിനെതിരെ ടീമിന് വിജയിപ്പിച്ചത് ഉത്തപ്പയുടെ കിടിലൻ ബാറ്റിംഗായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഹരാരെ പത്ത് ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 134 റൺസാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗിൽ ഡർബന് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുക്കാനാണ് സാധിച്ചത്. 23 പന്തിൽ 53 റൺസ് നേടിയ ഉത്തപ്പയായിരുന്നു ഹരാരെയുടെ ടോപ് സ്‌കോറർ. നാല് സിക്സും അഞ്ച് ഫോറും ഉത്തപ്പയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു.
മത്സരശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഉത്തപ്പ പറഞ്ഞതിങ്ങനെ.. ”വളരെ സന്തോഷമുണ്ട്. ഇന്നലെ ശ്രീ ജയിപ്പിച്ചു. ഇന്ന് ഞാൻ ജയിപ്പിച്ചു. നമ്മള് മലയാളികൾ പുലിയല്ലേ? നല്ലത് പോലെ മുന്നോട്ട് പോവുന്നു ഇപ്പോൾ. പക്ഷേ, തീർന്നിട്ടില്ല. നിങ്ങളുടെ എല്ലാവരുടേയും പിന്തുണ ഉണ്ടാവട്ടെ. നമ്മള് ഉറപ്പായിട്ടും ജയിക്കും.” ഉത്തപ്പ പറഞ്ഞു.ഇതുവരെ എട്ട് മത്സരങ്ങളിൽ നിന്ന് 154 റൺസാണ് ഉത്തപ്പ നേടിയത്. 53 റൺസാണ് താരത്തിന്റെ ഉയർന്ന സ്‌കോർ. 19.25 ശരാശരിയിലാണ് ഇത്രയും റൺസ് അടിച്ചെടുത്തത്. 154.00 സ്ട്രൈക്ക് റേറ്റും ഉത്തപ്പയ്‌ക്കുണ്ട്. 10 സിക്സും 15 ഫോറും ഉത്തപ്പ നേടി.
Comments