ഉപ്പില്ലാതെ എന്ത് കറിയല്ലേ, രുചി വർദ്ധിപ്പിക്കുന്നതിൽ സവിശേഷ പങ്ക് വഹിക്കുന്ന ഒന്നാണ് ഉപ്പ്. എന്നാൽ അൽപം ഉപ്പ് കൂടിയാലുള്ള കാര്യത്തെ കുറിച്ചോർക്കാൻ പോലും കഴിഞ്ഞെന്ന് വരില്ല. പാചകം എത്ര നന്നായി അറിയാമെങ്കിലും ചില സമയങ്ങളിൽ ഭക്ഷണം വിചാരിച്ചത് പോലെ ഉണ്ടാക്കാൻ കഴിഞ്ഞെന്ന് വരില്ല. ഉപ്പോ എരിവോ പുളിയെ കൂടി കഴിഞ്ഞാൽ കുറയ്‌ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. ഉപ്പ് അധികമായാൽ എത്ര നല്ല ഭക്ഷണമാണെങ്കിലും കഴിക്കാൻ കഴിയില്ല. അത്തരത്തിൽ അബദ്ധവശാൽ കറിയിൽ ഉപ്പ് കൂടിപ്പോയാൽ എന്ത് ചെയ്യുമെന്നോർത്ത് ആശങ്കപ്പെടുന്നവരാണ് മിക്കയാളും. എന്നാൽ അത്തരക്കാർക്കുള്ള ചില ടിപ്‌സ് ആന്റ് ട്രിക്‌സ് ഇതാ..
കറിയിൽ ഉപ്പ് അധികമായാൽ വിനാഗിരിയും പഞ്ചസാരയും ഓരോ ടേബിൾ സ്പൂൺ വീതം ചേർത്തിളക്കുക. വിനാഗിരിയുടെ ചവർപ്പും പഞ്ചസാരയുടെ മധുരവും ചേരുമ്പോൾ ഉപ്പിന്റെ അളവ് കുറയ്‌ക്കും. ഉപ്പിനെ ക്രമീകരിക്കാൻ സഹായിക്കുന്ന ഒന്നാണ് വെള്ളം. കറിയിൽ ഉപ്പ് അധികമായാൽ വെള്ളം ചേർത്ത് തിളപ്പിച്ച് ഉപ്പിനെ തുരത്താം. എന്നാൽ ഫ്രൈ, തോരൻ തുടങ്ങിയവയിൽ നിന്ന് ഉപ്പിനെ വെള്ളം പ്രയോഗിച്ച് തുരത്താനാകില്ല.
ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി കറിയിൽ ചേർക്കുക. കറി തണുത്ത ശേഷം ഉപ്പ് മാറി കഴിയുമ്പോൾ ആവശ്യമെങ്കിൽ കറിയിൽ നിന്ന് ഇതെടുത്ത് മാറ്റാവുന്നതാണ്. സവോള വലുപ്പത്തിൽ അരിഞ്ഞും കറിയിൽ ചേർക്കാവുന്നതാണ്. എണ്ണയിൽ വറുത്തും സവോള കറിയിൽ ചേർത്താൽ ഉപ്പിന്റെ അംശം കുറയും. അഞ്ച് മിനിറ്റിന് ശേഷം ഇതെടുത്ത് മാറ്റണമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം. ഗ്രേവിയ്‌ക്ക് ഉപ്പ് കൂടിയാൽ തക്കാളിയിലുണ്ട് പരിഹാരം. തക്കാളി അരിഞ്ഞതോ തക്കാളി സോസോ കറിയിൽ ചേർത്ത് വേവിക്കുക. ഇതുവഴി ഉപ്പ് ഇല്ലാതാക്കാം.
രണ്ട് ടീസ്പൂൺ പാൽ ഒഴിച്ച് പാകം ചെയ്താലും ഉപ്പ് കുറയ്‌ക്കാം. ഉപ്പുരസം മാറുന്നതിന് പുറമേ കറിയുടെ മൊത്തത്തിലുള്ള രുചികളെ ബാലൻസ് ചെയ്ത് നിർത്താനും പാൽ ഉപകരിക്കുന്നു. തേങ്ങപ്പാൽ ചേർക്കുന്നതും നല്ലതാണ്. അധികമായ ഉപ്പിനെ കുറയ്‌ക്കുന്നതിനൊപ്പം കറിയ്‌ക്ക് സ്വാദ് വർദ്ധിപ്പിക്കാനും തേങ്ങാപ്പാൽ സഹായിക്കും. അരിപ്പൊടിയും ഉപ്പില്ലാതാക്കാൻ സഹായിക്കും. അരിപ്പൊടി കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിൽ ഇടുക. 10 മിനിറ്റ് കറിയിൽ തന്നെ വെച്ചതിന് ശേഷം എടുത്തുമാറ്റുക. കറിയ്‌ക്ക് കൊഴുപ്പ് നൽകാനും ഈ ഉരുളകൾകക്ക് കഴിയുന്നു. കഴിക്കുന്നതിന് മുൻപ് ഇതെടുത്ത് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കണം.
തൈര് ചേർത്താൽ പ്രശ്‌നമില്ലാത്ത കറിയാണെങ്കിൽ ചേർക്കാവുന്നതാണ്. കറിയ്‌ക്ക് രുചിയും പൊലിമയും ഇതിന് നൽകാൻ കഴിയുന്നു. ഗോതമ്പ് മാവ് കൊണ്ടുണ്ടാക്കിയ ഉരുളകളും കറിയിൽ ചേർക്കുന്നത് ഉപ്പിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഒരു ടീസ്പൂൺ നാരങ്ങ നീര്് ചേർക്കുന്നത് ഉപ്പിന്റെ അളവ് കുറയ്‌ക്കാൻ ചെയ്യാൻ സഹായിക്കും.















