മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണിപ്പോൾ. തകർന്നുപോയ പല്ലുകൾ ശരിയാക്കി ആ പഴയ പുഞ്ചിരി തിരിച്ചുപിടിച്ച ചിത്രം മഹേഷ് തന്നെയാണ് പങ്കുവെച്ചത്. നടൻ സൈജു കുറുപ്പിനൊപ്പമുള്ള സെൽഫിയാണ് മഹേഷ് ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്തത്.
രണ്ട് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമുള്ള ചിത്രം മഹേഷ് മുൻപ് പങ്കുവെച്ചിരുന്നു. കുറച്ചു നാളത്തേയ്‌ക്ക് ഞാൻ വേദിയിൽ കാണില്ലെന്നും റെസ്റ്റ് ആണ് വേണ്ടത്. ആരും അതിൽ വിഷമിക്കേണ്ട. പഴയതിനേക്കാളും ഊർജ്ജത്തോടെ ഞാൻ തിരിച്ചു വരും. അപ്പോഴും നിങ്ങളുടെ സ്നേഹവും പിന്തുണയും എനിക്ക് ഉണ്ടാവണം’-എന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞിരുന്നു.
ജൂൺ 5 ന് പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സുധി, നടൻ ബിനു അടിമാലി, ഡ്രൈവർ ഉല്ലാസ്, മഹേഷ് എന്നിവർ. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ മഹേഷ് കുഞ്ഞുമോന്റെ പല്ലുകൾ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേൽക്കുകയും ചെയ്തിരുന്നു.
Comments