കൊച്ചി: ആലുവയിൽ ക്രൂരമായി പീഡിപ്പിക്കുന്നതിനിടെ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. രാവിലെ 10 മണിക്ക് കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ എട്ടു മണിയോടെ കുട്ടി പഠിച്ചിരുന്ന ആലുവ തായ്‌ക്കാട്ടുകര ഐഡിയൽ സ്‌കൂൾ കോംപ്ലക്സിൽ മൃതദേഹം പൊതുദർശനത്തിന് വയ്‌ക്കും.
കുഞ്ഞിനെ അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30യോടെയാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പോലീസിന് മൊഴി നൽകി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലുള്ള പ്രതി അസ്ഫാഖിനെ ഇന്ന് 11 മണിയോടെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കും. തിങ്കളാഴ്ചയാണ് കസ്റ്റഡി അപേക്ഷ നൽകുക.
കൊല്ലപ്പെട്ട 5 വയസുകാരിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിരുന്നതായി പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണെന്നാണ് റിപ്പോർട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ഇയാൾ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി തെളിഞ്ഞിട്ടില്ലെന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു.അസ്ഫാക്ക് തനിച്ചാണ് കൃത്യം നടത്തിയതെന്നാണ് നിലവിലുള്ള വിലയിരുത്തൽ.
പ്രതിയുമായി ബന്ധപ്പെട്ട് പോലീസിന് ആദ്യം ലഭിച്ച വിവരങ്ങൾ തെറ്റാണെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. അസ്ഫാക്ക് ആലം കേരളത്തിലെത്തിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണെന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. എന്നാൽ പ്രതി കേരളത്തിലെത്തുന്നത് ഒന്നര വർഷം മുമ്പാണെന്ന് പോലീസ് പറയുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഇയാൾ നിർമാണ ജോലികളിൽ ഏർപ്പെട്ടിരുന്നു. കൂടാതെ മൊബൈൽ മോഷണ കേസിലും പ്രതിയാണ് ഇയാൾ. അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും മദ്യ ലഹരിയിലായിരുന്ന പ്രതിയിൽ നിന്നും വിവരങ്ങൾ ലഭിച്ചിരുന്നില്ലെന്നുമായിരുന്നു എസ്പിയുടെ വിശദീകരണം.
ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം ഇന്നലെ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. 20 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അസം സ്വദേശിയായ അസ്ഫാക്ക് ആലം ഇന്നലെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.
ആലുവയ്‌ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ബിഹാർ സ്വദേശികളുടെ മകളാണ് കൊല്ലപ്പെട്ട 5 വയസ്സുകാരി. വെള്ളിയാഴ്ച വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്.പലയിടത്തും അന്വേഷിച്ചിട്ടും ഫലമില്ലാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ആലുവ തോട്ടക്കാട്ടുകരയിൽ നിന്ന് പ്രതി അസ്ഫാക് ആലം കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന് തെളിഞ്ഞത്. തുടർന്ന് രാത്രി തന്നെ പ്രതിയെ കസ്റ്റഡിയിൽ എടുത്തെങ്കിലും മദ്യലഹരിയിൽ ആയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. രാവിലെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
Comments