രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ നിർമ്മാണ ഘട്ടത്തിൽ നിർണായക പങ്കുവഹിച്ച ഭേൽ ട്രിച്ചിയിലെ വെൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ അഭിനന്ദിച്ച് ഐഎസ്ആർഒ. ബൈ-മെറ്റാലിക് അഡാപ്റ്ററുകളുടെ നിർമ്മാണത്തിലും വിതരണത്തിലുമാണ് ഡബ്ല്യുആർഐ മികച്ച സാങ്കേതിക പിന്തുണ നൽകിയത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർണായക സംഭാവനയെ തിരുവനന്തപുരത്തെ ഐഎസ്ആർഒയുടെ ലിക്വിസ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ അഥവാ എൽപിഎസ്‌സി ആണ് അഭിനന്ദനം അറിയിച്ചത്.
രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3യുടെ എൽവിഎം-3 എം4 ഫ്‌ളൈറ്റിന്റെ വളരെ താഴ്ന്ന താപനിലയുമായി ബന്ധപ്പെട്ട ഘട്ടത്തിന്റെ ഭാഗമായിരുന്നു ഡബ്ല്യൂആർഐ നിർമ്മിച്ച ഘടകങ്ങൾ. ഈ കഴിഞ്ഞ ജൂലൈ 24-നാണ് അഭിനന്ദനം അറിയിച്ച് ഐഎസ്ആർഒ കത്തെഴുതിയത്. എൽപിഎസ്‌സിയുടെ മെറ്റീരിയലുകൾ, നിർമ്മാണ രീതി, ഗുണനിലവാരം എന്നിവ സംബന്ധിച്ചാണ് അഭിനന്ദനം അറിയിച്ചത്.
ഭെലിന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സ്ഥാപിച്ച വെൽഡിംഗ്-അനുബന്ധ മേഖലകളിലെ ദേശീയ ഗവേഷണ കേന്ദ്രമാണ് ഡബ്ല്യൂആർഐ. 1975-ലാണ് ഇത് സ്ഥാപിതമാകുന്നത്.ഗുണനിലവാരവും ഉൽപ്പാദന ക്ഷമതയും ഉയർത്തുന്നതിനായി ഇൻസ്റ്ററ്റിയൂട്ട് നാല് പതിറ്റാണ്ടിലേറെയായി രാജ്യത്തെ വ്യവസായങ്ങളെ സഹായിക്കുന്നുണ്ട്. ഏറ്റവും പുതിയ വെൽഡിംഗ് അനുബന്ധ സാങ്കേതിക വിദ്യകൾ പ്രയോഗിക്കുന്നതിൽ ഇൻസ്റ്റിറ്റ്യൂട്ട് ഇന്നും മുൻ പന്തിയിലാണ്.















