ഡൽഹി: 2024-ലെ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകൾക്ക് നിർദ്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും പ്രകോപനപരമായ നിലപാടുകൾ ഉണ്ടായേക്കാം എന്നും സംയമനം പാലിക്കുകയാണ് നാം ചെയ്യേണ്ടതെന്നും എൻഡിഎ എംപിമാർക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. ദേശീയ ജനാധിപത്യ സഖ്യത്തിലെ(എൻഡിഎ) എംപിമാരുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച തുടരുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 45-ലധികം പാർലമെന്റ് അംഗങ്ങളുടെ സംഘത്തെ ഇന്നലെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തിരുന്നു.
ദരിദ്രർക്ക് വേണ്ടി പ്രവർത്തിക്കാനാണ് എംപിമാരോട് പ്രധാനമന്ത്രിയുടെ ആഹ്വാനം. സൗജന്യങ്ങളുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിപക്ഷത്തിനെതിരെ അദ്ദേഹം ആഞ്ഞടിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ വിജയം ഉറപ്പാക്കാൻ എംപിമാർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഊന്നൽ നൽകിയ പ്രധാനമന്ത്രി, പ്രസംഗത്തിൽ സംയമനം പാലിക്കാനും നിർദ്ദേശിച്ചു. ‘പ്രതിപക്ഷങ്ങൾ പ്രകോപിപ്പിക്കും, പക്ഷേ നിങ്ങൾ സംയമനം പാലിക്കുക. അങ്ങനെ വിവാദങ്ങൾക്ക് അവസരം നൽകാതിരിക്കുക’ നരേന്ദ്രമോദി പറഞ്ഞു.
വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ സഖ്യത്തെ നേരിടണം. ദക്ഷിണേന്ത്യയിൽ സംസ്ഥാനങ്ങളിൽ എൻഡിഎയുടെ നേട്ടങ്ങൾക്ക് വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. ഗവൺമെന്റ് ചെയ്തിട്ടുള്ള പ്രവർത്തനങ്ങളെ ജനങ്ങളിലേയ്ക്ക് എത്തിക്കണം. അതത് ലോക്സഭാ മണ്ഡലങ്ങളിലെ വോട്ടർമാരുമായി സമ്പർക്കം നടത്തണം. പാവപ്പെട്ടവർക്കും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വേണ്ടി നമ്മുടെ എംപിമാർ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
Comments