ന്യൂഡൽഹി: രാജ്യത്തെ 86 വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നത് ഹരിത ഊർജ്ജത്തിലെന്ന് കേന്ദ്ര സർക്കാർ. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളാണ് ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്നത്. 55 വിമാനത്താവളങ്ങൾ പൂർണമായും ഹരിതോർജ്ജത്തിലാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര വ്യോമായന സഹമന്ത്രി ജനറൽ (റിട്ട) ഡോ. വികെ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കാർബൺ രഹിതല രാജ്യം യാഥാർത്ഥ്യമാക്കുന്നതിന്റെ ആദ്യപടിയാണ് ഈ വിമാനത്താവളങ്ങൾ ഹരിതോർജ്ജത്തിൽ പ്രവർത്തിക്കുന്നത്. പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗമാണ് വിമാനത്താവളങ്ങളിൽ കാർബൺ പുറന്തള്ളൽ വർദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഹരിത ഊർജ്ജം ഉപയോഗിക്കുന്നത് വിമാനത്താവളത്തിലെ കാർബൺ പുറന്തള്ളൽ കുറയ്‌ക്കാൻ സഹായകമാകും.
രാജ്യത്തെ കാർബൺ രഹിത വിമാനത്താവളങ്ങൾ ലോകശ്രദ്ധ ആകർഷിക്കുന്നതായും മന്ത്രി പറഞ്ഞു. അടുത്തിടെ ഒഡീഷയിലെ ഭുവനേശ്വർ വിമാനത്താവളത്തിൽ ഊർജ്ജ ഉപഭോഗത്തിനായി ഹരിത സ്രോതസുകൾ ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇതോടെ 100 ശതമാനം സുസ്ഥിര വിമാനത്താവളങ്ങളിലൊന്നായി മാറി. 4MWP മൗണ്ടഡ് സോളാർ പവർ പ്ലാന്റാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 13.28 ഏക്കർ വിസ്തൃതിയിൽ 18.75 കോടി രൂപ ചെലവിലാണ് വിമാനത്താവളം സ്ഥാപിച്ചിരിക്കുന്നത്.
Comments