കണ്ണൂർ: ഒരു മലക്കം മറിച്ചിലുമില്ല, മിത്ത് മിത്തായി തന്നെ കാണുന്ന പാർട്ടിയാണ് സിപിഎമ്മെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയല്ല. മതവിശ്വാസത്തിന്റെ ഭാഗമായി ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നവരെ ബഹുമാനിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ ശാസ്ത്രത്തെയും വിശ്വാസത്തെയും നിരാകരിച്ചുകൊണ്ടുള്ള ഒരു നിലപാടും സിപിഎമ്മിനില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കർ പരാമർശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
എൻഎസ്എസിന്റെ പാരമ്പര്യത്തെയും എംവി ജയരാജൻ ചോദ്യം ചെയ്തു. പാരമ്പര്യത്തിൽ വിശ്വാസമുണ്ടെങ്കിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയക്കാരുടെ വക്കാലത്തുമായി വരരുതെന്നും അദ്ദേഹം പ്രതികരിച്ചു.
മിത്ത് വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻഎസ്എസ് തീരുമാനമെടുത്തതിന് പിന്നാലെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ വിമർശനം. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേർന്നാണ് എൻഎസ്എസ് തുടർ സമരങ്ങൾക്ക് രൂപം കൊടുക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും എ എൻ ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യമാണ് എൻഎസ്എസിന്.















