കാബൂൾ: മൂന്നാം ക്ലാസിനപ്പുറം പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നതിൽ വിലക്കേർപ്പെടുത്തി താലിബാൻ. പത്ത് വയസിന് മുകളിൽ പ്രായമുള്ള പെൺകുട്ടികൾ പഠിക്കരുതെന്നാണ് താലിബാൻ ഭരണകൂടത്തിന്റെ പുതിയ സ്ത്രീ വിദ്യാഭ്യാസ നയം. ഗസ്‌നി പ്രവിശ്യയിലെ സ്‌കൂളുകളുടെയും പരിശീലന ക്ലാസുകളുടെയും പ്രിൻസിപ്പൽമാരോട് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകരുതെന്ന് താലിബാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
മൂന്നാം ക്ലാസിന് മുകളിലുള്ള വിദ്യാർത്ഥിനികൾ സ്‌കൂളിലെത്തുകയാണെങ്കിൽ തിരികെ വീട്ടിലേക്ക് അയയ്‌ക്കാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചു. അഫ്ഗാനിസ്ഥാനിൽ നിലവിൽ പത്ത് വയസിന് മുകളിലുള്ള പെൺകുട്ടികളെ സ്‌കൂളുകളിൽ പ്രവേശിപ്പിക്കുന്നില്ല. അധികാരികൾ പ്രായത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടികളെ വേർതിരിച്ചാണ് കാണുന്നുവെന്നാണ് വിമർശനം.
2021 സെപ്റ്റംബറിൽ പെൺകുട്ടികളെ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ നിന്ന് താലിബാൻ വിലക്കുകയും ഹൈസ്‌കൂളുകൾ ആൺകുട്ടികൾക്ക് മാത്രമായി തുറക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ, കോളേജിലും യൂണിവേഴ്സിറ്റിയിലും പോകുന്ന സ്ത്രീകളെയും വിലക്കിയിരുന്നു. മാത്രമല്ല, ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് അനിശ്ചിതകാല നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെ വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന് താലിബാനെ കഴിഞ്ഞ മാസം യുഎൻ വിമർശിച്ചിരുന്നു. പൊതുജീവിതത്തിന്റെയും ജോലിയുടെയും മിക്ക മേഖലകളിലും താലിബാൻ ഭരണകൂടം സ്ത്രീകളെ വിലക്കിയിട്ടുണ്ട്. ആറാം ക്ലാസിന് ശേഷം പെൺകുട്ടികളെ സ്‌കൂളിൽ പോകുന്നതിൽ നിന്ന് വിലക്കുന്നതും, സ്ത്രീകളെ പ്രാദേശിക-സർക്കാരിതര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
Comments