പാൽ തിളച്ചുപോകാത്ത അടുക്കളകൾ വിരളമാണ്. പതിവായി ആവർത്തിക്കുന്ന ഒരു അബദ്ധമാണിത്. ഓരോ തവണ പാൽ തിളച്ചുപോകുമ്പോഴും, ഇനിയിത് സംഭവിക്കാൻ അനുവദിക്കില്ലെന്ന് മനസിൽ ദൃഢപ്രതിജ്ഞയെടുത്താലും, പിന്നെയും പാൽ തിളച്ചുപോകും. തവി ഉപയോഗിച്ച് പാൽ നല്ലപോലെ ഇളക്കി തിളപ്പിച്ചെടുക്കുന്ന സമയത്ത്, കണ്ണൊന്ന് തെറ്റുന്ന നിമിഷം മതി പാൽ ഗ്യാസടുപ്പിലേക്ക് പോകാൻ. ഈ അബദ്ധം ഇനിയും ആവർത്തിക്കാതിരിക്കാനുള്ള ചില സൂത്രപ്പണികൾ നോക്കാം..
ശ്രദ്ധ വിടരുത്
പാൽ തിളപ്പിക്കുമ്പോൾ നിർബന്ധമായും മറ്റ് ജോലികളിൽ ഏർപ്പെടാതിരിക്കുക. പാൽ തിളപ്പിച്ച് കഴിഞ്ഞതിന് ശേഷം മാത്രം മറ്റ് കാര്യങ്ങൾ ചെയ്യുക. അടുക്കളയിൽ നിന്ന് ഒരിക്കലും പുറത്തുപോകാതിരിക്കുക.
ഉപ്പ്
ഒരു നുള്ള് ഉപ്പ് ചേർത്ത് പാൽ തിളപ്പിക്കുന്നത് തിളച്ചുതൂവാതിരിക്കാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.
പാത്രം
പാൽ തിളപ്പിക്കുന്ന പാത്രത്തിന് അടിവശം വളരെയധികം കട്ടിയുള്ളതാകുന്നതാണ് നല്ലത്. ഒപ്പം നല്ല വലിപ്പമുള്ള പാത്രം തിരഞ്ഞെടുക്കുന്നതും പാൽ തിളച്ചുപോകാതിരിക്കാൻ സഹായിക്കും. പാലിന് വേണ്ടുവോളം തിളയ്‌ക്കാൻ വിസ്താരമുള്ള പാത്രം ഉപയോഗിക്കുക.
തവി
പാൽ തിളപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന തവി മരത്തിന്റേതാണെങ്കിൽ നല്ലതാണ്. ഇത് പാത്രത്തിന് കുറുകെ വച്ചാൽ പാൽ തിളച്ചുപോകുന്നത് ഒരു പരിധി വരെ തടയാമെന്നും പറയപ്പെടുന്നു.
Comments