മുംബൈ: ഇന്ത്യയിൽ ബോംബ് സ്ഫോടനം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്നും ഭീഷണി. സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ എം.എ ഹക്കിം എന്നയാൾക്കെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. പൂനെ സ്വദേശിയായ രാഹുൽ ദുധാവനാണ് ഭീഷണി സന്ദേശത്തെപ്പറ്റി പോലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിക്കുകയും പരാതി നൽകുകയും ചെയ്തത്.
‘ഞാൻ ഇന്ത്യയിൽ വലിയ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്യുകയാണ്. തീവ്രവാദ സംഘടനകൾക്ക് ധനസഹായം നൽകും. ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യാനും നരേന്ദ്ര മോദിയെ വധിക്കാനുമാണ് എന്റെ ശ്രമം’-എന്നായിരുന്നു ഓഗസ്റ്റ് 6-ന് പ്രതി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഹക്കിമിനെതിരെ അലങ്കാർ പോലീസ് കേസെടുത്തു.
കമന്റ് വെബ്സൈറ്റിൽ പരസ്യമായി പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സുഹൈൽ ശർമ്മ വ്യക്തമാക്കി. ഐപി വിലാസം ഇന്ത്യയ്ക്ക് പുറത്താണ്. വിഷയം ഗൗരവമായി തന്നെയാണ് അന്വേഷിക്കുന്നത്. പ്രതികൾക്കായുള്ള തിരച്ചിൽ നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Comments