വെണ്ടയ്ക്ക എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക അതിന്റെ പശപ്പശപ്പ് ആയിരിക്കും. ഇക്കാരണത്താൽ തന്നെ അധികം പേരും വെണ്ടയ്‌ക്ക വിരോധികളായി തുടരുന്നു. എന്നാൽ വെണ്ടയ്‌ക്കയെ മാറ്റി നിർത്തുന്നവർ നിരവധി ആരോഗ്യഗുണങ്ങളെയാണ് പടിക്ക് പുറത്ത് നിർത്തുന്നത്.
ദഹന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കാനും കുടലിന്റെ ആരോഗ്യത്തെ കാക്കാനും വെണ്ടയ്‌ക്ക മികച്ചതാണ്. വിറ്റാമിൻ സി, കെ, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ കേന്ദ്രമാണ് ഇത്. ആർത്തവകാലത്തെ അമിത രക്തസ്രാവത്തെ കുറയ്‌ക്കാനും ലൈംഗികാരോഗ്യം മെച്ചപ്പെടുത്താനും വെണ്ടയ്‌ക്ക നല്ലതാണ്. ഗർഭിണികളുടെയും മുലയൂട്ടുന്ന അമ്മമാർക്കും കണ്ണുംപൂട്ടി വെണ്ടയ്‌ക്ക കഴിക്കാവുന്നതാണ്.
വെണ്ടയ്‌ക്ക തോരനോ മെഴുകുപുരട്ടിയോ ആയാണ് അധികവും ഉണ്ടാക്കുന്നത്. മറ്റ് കറികളിലും ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും കുഴയുമെന്ന ഭയം അമ്മമാരെ അലട്ടുന്നുണ്ട്. എന്നാൽ ആ പേടി ഇനി വേണ്ട, ഒരു മുട്ടയുണ്ടെങ്കിൽ കാര്യം സിംപിളായി. മുട്ടയ്‌ക്കൊപ്പം വെണ്ടയ്‌ക്ക തോരൻ വെച്ചാൽ കുഴയുമെന്ന പേടി വേണ്ട.
ആവശ്യമായ ചേരുവകൾ
-വെണ്ടയ്‌ക്ക-250 ഗ്രാം
– വെളിച്ചെണ്ണ-3 ടേബിൾ സ്പൂൺ
– ഉലുവ- ഒരു ടീസ്പൂൺ
– കായംപൊടി- ഒരു നുള്ള്
– കടുക്
-ജീരകം
-ഇഞ്ചി അരിഞ്ഞത് -രണ്ട് ടേബിൾ സ്പൂൺ
– വെളുത്തുള്ളി അരിഞ്ഞത്- രണ്ട് ടേബിൾ സ്പൂൺ
-ചെറിയ ഉള്ളി അരിഞ്ഞത് -രണ്ട് ടേബിൾ സ്പൂൺ
– മുളക്-മൂന്നെണ്ണം
– ഉപ്പ്
-മുളകുപ്പൊടി- മൂന്ന് സ്പൂൺ
-മഞ്ഞൾപ്പൊടി- ഒരു നുള്ള്
-മല്ലിപ്പൊടി- രണ്ട് നുള്ള്
-കറിവേപ്പില-ആവശ്യത്തിന്
– മുട്ട- ഒരെണ്ണം
തയ്യാറാക്കുന്ന വിധം
വെണ്ടയ്‌ക്ക നന്നായി കഴുകിയ ശേഷം വെള്ളം തോരാൻ വെയ്‌ക്കുക. വെളിച്ചെണ്ണയൊഴിച്ച് ഒരു ടീസ്പൂൺ ഉഴുന്ന് ചേർക്കുക. ഇത് മൂത്ത് വരുമ്പോൾ രണ്ട് നുള്ള് കായപ്പൊടി ചേർക്കുക. തുടർന്ന് കടുക മൂപ്പിക്കുക. പിന്നാലെ ജീരകവും ചേർത്ത് കൊടുക്കണം. ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി കൊടുക്കുക. ഇതിലേക്ക് ചെറിയ ഉള്ളിയും കറിലവേപ്പിലയും ചേർക്കുക. ഇത് വഴറ്റിയതിന് ശേഷം വെണ്ടയ്‌ക്ക ചേർക്കുക. ഇവയെല്ലാം തുറന്ന് വെച്ച് കുറച്ചുനേരം ഇളക്കി കൊടുക്കേണ്ടതാണ്. വെണ്ടയ്‌ക്ക വഴണ്ട് വന്നതിന് ശേഷം ഉപ്പ് ചേർത്ത് കൊടുക്കുക. തുടർന്ന് മുട്ട ചേർത്ത് കൊടുത്ത് പൊടികളൊല്ലാം ചേർത്ത് കൊടുക്കുക. തുടർന്ന് അടച്ച് വെച്ച് വേവിക്കുക. തുടർന്ന് നന്നായി ഇളക്കുക.















