നെല്‍സണ്‍ കൊളുത്തിയ തീപ്പൊരി ആളിപ്പടര്‍ന്നത് രജനിയെന്ന ഡൈനമൈറ്റില്‍..അത് കെടാതെ പിടിച്ചുനിര്‍ത്തിയത് അനിരുദ്ധ് എന്ന മജീഷ്യന്‍.. മലയാളത്തിന്റെ മോഹന്‍ലാലും കന്നടയുടെ ശിവരാജ്കുമാറും ബോളിവുഡിന്റെ ജാക്കി ഷെറോഫും ചേര്‍ന്ന് ആളിപ്പടര്‍ന്ന തീപ്പൊരി അവസാനമൊരു ബോക്‌സ് ഓഫീസ് വെടിക്കെട്ടാക്കി…ചുരുക്കി പറഞ്ഞാല്‍ ഇതാണ് ജയിലര്‍ എന്ന തമിഴ് ചിത്രം. അനാവശ്യ കൈകടത്തല്‍ കാരണം ബീസ്റ്റ് എന്ന ചിത്രം പരാജയമായപ്പോള്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ കേള്‍ക്കാത്ത പഴികളില്ല.. ബീസ്റ്റ് തിയേറ്ററില്‍ ഓടുമ്പോള്‍ തന്നെ നെല്‍സണ്‍-രജനി ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റും എത്തിയിരുന്നു. എന്നാല്‍ നെല്‍സണെ സംബന്ധിച്ച് പിന്നീട് അങ്ങോട്ട് അത്ര നല്ല നാളുകളായിരുന്നില്ല. ഫ്‌ളോപ്പ് ഡയറക്ടര്‍ക്ക് എന്തിന് രജനി കൈകൊടുത്തെന്നും സംവിധായകനെ സണ്‍പിക്‌ചേഴ്‌സ് മാറ്റണമെന്നും ആവശ്യമുയര്‍ന്നു.
സമാധാനം എന്തെന്നറിയാത്ത നാളുകളിലൂടെ ആ യുവസംവിധായകന്‍ കടന്നുപോയി. എന്നാല്‍ തമിഴ് സിനിമയിലെ ഈ രണ്ടു നെടും തൂണുകളും നെല്‍സണ്‍ എന്ന ക്രാഫ്റ്റ്മാനില്‍ വിശ്വാസമര്‍പ്പിച്ചു. ആ വിശ്വാസത്തിന് നെല്‍സണ്‍ നല്‍കിയ ഗുരുദക്ഷിണയാണ് ഇന്ന് തിയേറ്ററില്‍ ഇരമ്പിയെത്തുന്ന ആരാധകര്‍.ജോലിയില്‍നിന്നു വിരമിച്ച് കുടുംബത്തിനൊപ്പം സ്വസ്ഥജീവിതം നയിക്കുന്ന മുത്തുവേല്‍ പാണ്ഡ്യന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെയും അത് അതിജീവിക്കാന്‍ നായകന്‍ നടത്തുന്ന ചെറുത്തുനില്‍പ്പുമാണ് ചിത്രം പറയുന്നത്.
നെല്‍സന്റെ പതിവ് ടെംപ്ലേറ്റുകളെല്ലാം കോര്‍ത്തിണക്കി ഒരുക്കിയ ഒരു ചിത്രം തന്നെയാണ് ജയിലര്‍. എന്നാല്‍ അതിനെ വേറിട്ടു നിര്‍ത്തുന്നത് പഴകുംതോറും വീര്യമേറുന്ന രജനി എന്ന എക്‌സ് ഫാക്ടറാണ്. അണ്ണാത്ത എന്ന പരാജയം ചിത്രം സ്റ്റൈല്‍ മന്നന്റെ കരിയറിന് കരിനിഴല്‍ വീഴ്‌ത്തി നില്‍ക്കുമ്പോഴാണ് സൂപ്പര്‍സ്റ്റാര്‍ നെല്‍സണിന്റെ ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കൊടൂര ജയിലറാകുന്നത്. പതിഞ്ഞ താളത്തില്‍ തുടങ്ങി, പിന്നീട് അങ്ങോട്ട് ഒരുനിമിഷം പോലും ടെമ്പോ താഴാതെ പിടിച്ചുനിര്‍ത്തുന്ന നെല്‍സന്റെ ആഖ്യാനമാണ് ജയിലറിനെ ആഘോഷമാക്കുന്നതില്‍ പ്രധാന ഘടകം. ആക്ഷനും ഡ്രാമയും ഡാര്‍ക് ഹ്യൂമറിനൊപ്പം ബാലന്‍സ് ചെയ്ത് ആറ്റിക്കുറുക്കുന്ന തിരക്കഥയാണ് ജയിലറിനെ ഔട്ട് ആന്‍ഡ് ഔട്ട് എന്‍ര്‍റ്റൈനറാക്കുന്നത്.
ബീസ്റ്റില്‍ ഇല്ലാതെ പോയതും ഇതുതന്നെയായിരുന്നു. ഒരുപരിധിവരെ പ്രെഡിക്ട് ചെയ്യാനാകുന്ന കഥയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന പശ്ചാത്തല സംഗീതമാണ് ജയിലറിന്റെ നട്ടെല്ല്.അനിരുദ്ധിന്റെ തട്ടുപ്പൊളിപ്പന്‍ ബിജിഎമ്മുകള്‍ തിയേറ്റുകള്‍ പൂരപ്പറമ്പാക്കുന്നു. രജനിയുടെ ക്ലാസും മാസും നടപ്പും ഇരിപ്പും കൂളിംഗ് ഗ്ലാസുമടക്കം നെല്‍സണ്‍ ചൂഷണം ചെയ്യാത്ത ഒന്നുമില്ല ചിത്രത്തില്‍.വിജയ് കാര്‍ത്തിക്കിന്റെ ഫ്രെയിമുകളും ഷോട്ടുകളും കളര്‍ ടോണും ചിത്രത്തെ മികച്ചൊരു കാഴ്ചാനുഭവമാക്കുന്നു. മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തെ ആര്‍ നിര്‍മ്മലിന്റെ ക്രിസ്പ് ആന്‍ഡ് ക്ലിയര്‍ കട്ടുകളാണ് ലാഗില്ലാതെ മുന്നോട്ട് നയിക്കുന്നത്.
കാമിയോ റോളുകളിലെത്തിയ ലാലേട്ടനും ശിവരാജ്കുമാറും സ്‌ക്രീന്‍ പ്രസന്‍സും കരിസ്മയും കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ ഷോസ്റ്റീലര്‍മാരാകുന്നു. വില്ലനായി മറ്റൊരാളെ ചിന്തിക്കാനാവാത്ത വിധം വിനായകന്‍ പെര്‍ഫോം ചെയ്തിട്ടുണ്ട്. രമ്യാകൃഷ്ണന്‍ മുതല്‍ യോഗി ബാബുവരെയുള്ള താരങ്ങള്‍ അവരുടെ ഭാഗങ്ങള്‍ ഭംഗിയാക്കി. ആരൊക്കെ വന്നാലും പോയാലും ആ സൂപ്പര്‍ സ്റ്റാര്‍ താന്‍ മാത്രമായിരിക്കുമെന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ് ഈ 72-കാരന്‍
നോട്ട് ദി പോയിന്റ്; തലൈവര് നിരന്തരം….
Comments