സുന്ദരേശ്വരഭഗവാന്‍ അതിവര്‍ഷം കൊണ്ടുള്ള ഭയം മാറ്റി ജനങ്ങളെ പരിപാലിച്ച ലീലയാണ് ഇത്.ശ്രീ പരമേശ്വരന്റെ ജടയില്‍ നിന്ന് ഉത്ദവിച്ച മേഘങ്ങള്‍ പരന്നുകിടക്കുന്ന സമുദ്രജലത്തെ മുഴുവന്‍ പെട്ടെന്ന് കുടിച്ചു തീര്‍ത്തു.അപ്പോള്‍ സമുദ്രദേവതയായ വരുണന് കോപവും വിഷാദവും ലജ്ജയും ഉണ്ടായി .നാല് മേഘപതികളെ വിളിച്ചു വരുത്തി.മധുരയില്‍ പോയി മഴ പെയ്യിക്കുവാന്‍ ആവശ്യപ്പെട്ടു.ഈ ആജ്ഞ കേട്ടപ്പോള്‍ ഭഗവാന്റെ മഹിമ മനസ്സിലാക്കാതെ മേഘങ്ങള്‍ മഴ പെയ്യിക്കുവാന്‍ തുടങ്ങി. അതിഘോരമായ മഴ മധുരനിവാസികളെ ദുഖിപ്പിച്ചു. ഇടിയും മിന്നലും കൂടി ചേര്‍ന്ന ഘോരമഴയില്‍ രാജാവും ജനങ്ങളും സുന്ദരേശസന്നിധിയില്‍ ചെന്ന് പ്രണമിച്ച് പ്രാര്‍ത്ഥിച്ചു.വരുണന്റെ അഹങ്കാരത്തേയും മധുരയ്‌ക്ക് നേരിട്ട അത്യാപത്തിനെയും ശമിപ്പിക്കുവാന്‍ കരുണാനിധിയായ ഭഗവാന്‍ ജടയിന്‍ നിന്നുണ്ടായ നാലു മേഘങ്ങളോട് മധുരയിലേക്ക് പോകണമെന്ന് പറഞ്ഞു. മഴവെള്ളം ഒരു തുള്ളി പോലും വീഴാതെ തടഞ്ഞു നിര്‍ത്തണമെന്ന ശങ്കരാജ്ഞ അവര്‍ അനുസരിച്ചു.വരുണന്റെ ആജ്ഞ അനുസരിച്ച് എത്തിയ മേഘങ്ങള്‍ക്ക് താഴെയായി ശിവാജ്ഞയാല്‍ എത്തിയ മേഘങ്ങള്‍ നിരന്നു നിന്നു.അങ്ങനെ മഴവെള്ളക്കെടുതിയില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചു. മധുരനിവാസികള്‍ സുന്ദരേശഭഗവാന്റെ മഹിമയെ കീര്‍ത്തിച്ചു കൊണ്ട് സസന്തോഷം വസിച്ചു.മഴപെയ്യിക്കുവാന്‍ പോയ മേഘങ്ങളെ വരുണന്‍ തിരിച്ചു വിളിച്ചു.
ഹാലാസ്യനാഥ്‌ന്റെ അത്ദുത ലീല കണ്ട വരുണന്‍ തന്റെ ജലോദരത്തെ ശമിപ്പിക്കുവാന്‍ ഹാലാസ്യത്തില്‍ എത്തി.സുന്ദരേശ്വര ഭഗവാനെ മനസ്സില്‍ സ്മരിച്ചുകൊണ്ട് ഹേമപത്‌മിനി തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തു.തല്‍ഷണം തന്നെ വരുണന്റെ ജലോദര രോഗം ശമിച്ചു.സ്‌നാനത്തിനു ശേഷം ഭസ്മം ,രുദ്രാക്ഷം എന്നിവ ധരിച്ചു കൊണ്ട് ആദ്യം മീനാക്ഷിദേവിയെയും പീന്നിട് സുന്ദരേശ ഭഗവാനേയും ദര്‍ശിച്ചു. കനകപുഷ്പങ്ങള്‍ കൊണ്ട് അര്‍ച്ചന നടത്തി.പ്രദക്ഷിണം വെയ്‌ക്കുകയും സ്തുതിക്കുകയും ചെയ്തു.ഗംഗാദിനദികള്‍ സുവര്‍ണ്ണ കുംഭത്തില്‍ ജലവും പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും സുഗന്ധപുഷ്പങ്ങളും വരുണന് ആരാധന നടത്തുവാന്‍ നല്‍കി. വരുണന്‍ സോമേശ്വരലിംഗത്തെ യഥാവിധി പൂജിച്ചു. സഹസ്രനാമങ്ങള്‍ ജപിച്ച് സഹസ്രമുത്തുകള്‍ അര്‍പ്പിച്ച്‌സ്തുതിച്ചു. അതിഭക്തിയോടുകൂടി കൈകൂപ്പി നില്‍ക്കുന്ന വരുണന്റെ മുന്‍പില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഭക്തിയോട് കൂടി ഭഗവാനെ ദര്‍ശിച്ചു കൊണ്ടുനിന്നു. അഭീഷ്ഠ വരദായകനായി നിന്ന ജഗദ് പിതാവിനോട് വരുണന്‍ ഇങ്ങനെ അപേക്ഷിച്ചു.സമുദ്രജലം വ്യാപിപ്പിച്ചും മഴപെയ്യിച്ചും ചെയ്ത അപരാധം ക്ഷമിക്കണം. എനിക്ക് ജലോദരം എന്ന രോഗം ഉണ്ടായിരുന്നത് തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്തപ്പോള്‍ തന്നെ മാറി. ജലേശ്വരനായ വരുണന് സകലസൗഭാഗ്യങ്ങളും ബലവും മേല്ക്കുമേല്‍ ഉണ്ടാകുമെന്ന് അനുഗ്രഹിച്ചുകൊണ്ട് ഭഗവാന്‍ പെട്ടെന്ന് അപ്രത്ര്യക്ഷനായി.മഹാദേവനെ വീണ്ടും സ്തുതിക്കുകയും സമസ്താപരാധങ്ങളും ക്ഷമിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തതിനു ശേഷം വരുണന്‍ സ്വസ്ഥാനത്തേക്ക് പോയി.അന്നുമുതല്‍ ഹാലാസ്യത്തിന് ചതുഷ്‌കൂടപുരം എന്ന നാമവും സിദ്ധിച്ചു.
ഈ ലീല പരായണം ചെയ്യുന്നവര്‍ക്ക് ആയുരാരോഗ്യസുഖവും മോഷവും ലഭിക്കുമെന്നാണ് ഫലശ്രുതി.
അവലംബം- ശ്രീ വേദവ്യാസന്‍ സ്‌കന്ദപുരാണത്തിലെ അഗസ്ത്യ സംഹിതയെ അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാര്‍ രചിച്ച ഹാലാസ്യ മാഹാത്മ്യം കിളിപ്പാട്ട് .
അടുത്ത ഹാലാസ്യ മാഹാത്മ്യം 20 – സുന്ദരേശ സിദ്ധചരിത്രം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















