ലോക ശ്രദ്ധ ആകർഷിച്ച ആറന്മുള കണ്ണാടിയ്‌ക്ക് പിന്നാലെ പേരും പെരുമയും നേടാനൊരുങ്ങി ആറന്മുള ഖാദിയും. ഫാഷൻ ടെക്‌നോളജിയിൽ പരിശീലനം നേടിയ അരവിന്ദും ഖാദി നെയ്‌ത്തിൽ വൈദഗ്‌ദ്ധ്യമുള്ള സഹോദരി അർച്ചനയും ചേർന്നാണ് ആറന്മുള ഖാദി വിപണിയിലേക്കെത്തിക്കുന്നത്. അച്ഛന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഇരുവരുടെയും ലക്ഷ്യം.
സ്വന്തമായി നൂൽ ഉൽപ്പാദിപ്പിച്ച് ഖാദി കൊണ്ട് നെയ്‌തെടുത്ത തോർത്തും മുണ്ടും പ്രീമിയം ഷർട്ടും ഇരുവരും ചേർന്ന് പുറത്തിറക്കുന്നുണ്ട്. ആറന്മുള ഖാദി ബ്രാൻഡിൽ തോർത്തും മുണ്ടും പുറത്തിറക്കി വിറ്റഴിക്കുന്നത് സ്വന്തം ഷോറൂമിലൂടെയാണ്. തോർത്തിന് വില 200, മുണ്ടിന് വില 400. പ്രീമിയം ബ്രാൻഡ് ഖാദി ഷർട്ടിന് 900 രൂപയിൽ തുടങ്ങി 1,200 രൂപ വരെയാണ് വില. ഇവ ഖാദി കേന്ദ്രങ്ങൾ മുഖേന രാജ്യത്തെ വിവിധ നഗരങ്ങളിലായി വിറ്റഴിക്കുന്നുണ്ട്.
ആറന്മുള ഖാദി സംരംഭം ഇവിടുത്തെ 30-ഓളം കുടുംബങ്ങൾക്കാണ് ഉപജീവനമാർഗ്ഗം നൽകുന്നത്. ഖാദി കമ്മീഷന്റെ മൂന്ന് മാസത്തെ പരിശീലനം ലഭിച്ച സ്ത്രീകളാണ് സ്വന്തം വീടുകളിൽ ഖാദി നെയ്‌തെടുക്കുന്നത്. 2001-ൽ അരവിന്ദന്റെയും അർച്ചനയുടെയും പിതാവ് പോൾ രാജാണ് ശ്രീ ബാലാജി ഗാർമെന്റ്‌സ് എന്ന പേരിൽ തയ്യൽ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. അന്ന് 10 തറിയും 10 ചർക്കയുമായി പ്രവർത്തനം ആരംഭിച്ച സംരംഭം 2018-ലെ പ്രളയം പ്രതികൂലമായി ബാധിക്കുകയായിരുന്നു. നെയ്‌ത്ത് ശാലയും നൂൽ ഉൽപ്പാദന യൂണിറ്റും വെള്ളം കയറി നശിക്കുകയായിരുന്നു. തുടർന്ന് കൊച്ചിൻ ഷിപ് യാർഡിന്റെ സഹായത്തോടെ ബിസിനസ് പുനരാരംഭിച്ചു. 2022 ൽ പിതാവ് പോൾ രാജിന്റെ വിയോഗത്തോടെ മക്കൾ ബിസിനസ് സംരംഭം ഏറ്റെടുക്കുകയായിരുന്നു. കർണാടക ഖാദി, കണ്ണൂർ ഖാദി, ബംഗാൾ ഖാദി, പയ്യന്നൂർ ഖാദി എന്നിവ പോലെ ആറന്മുള ഖാദിയും പ്രശസ്തിയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
Comments