മലപ്പുറം: മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചവരുടെ വീടുകളിൽ എൻഐഎ റെയ്ഡ്. നാലുപേരുടെ വീടുകളിലാണ് പരിശോധന. വേങ്ങര, തിരൂർ, താനൂർ, രാങ്ങാട്ടൂർ എന്നിവിടങ്ങളിലായി തുടരുന്ന പരിശോധന പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണെന്നാണ് ലഭിക്കുന്ന വിവരം.
വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ ,രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിലാണ് പരിശോധന. നാലുപേരുടെയും വീട്ടിൽ ഒരേ സമയത്താണ് പരിശോധന ആരംഭിച്ചത്. ഇന്ന് പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. പരിശോധന ആരംഭിച്ച ശേഷമാണ് വിവരം എൻഐഎ ലോക്കൽ പോലീസിനെ അറിയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറത്തെ ആയുധ പരിശീലന കേന്ദ്രമായ മഞ്ചേരി ഗ്രീൻവാലി എൻഐഎ കണ്ടുകെട്ടിയിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ ആദ്യരൂപമായ എൻഡിഎഫിന്റെ കാലം മുതൽ തന്നെ പ്രവർത്തിച്ചിരുന്നു കേന്ദ്രമായിരുന്നു ഇത്. സ്വത്തുവിവരങ്ങൾ കൈമാറിയിട്ടും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് എൻഐഎ നേരിട്ടെത്തി സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് സ്വത്തുവകകൾ കണ്ടുകെട്ടിയത്.















