സൂര്യന്റെ രഹസ്യം പഠിക്കാൻ ആദിത്യ എൽ1 ദൗത്യവുമായി ഐഎസ്ആർഒ. ഇന്ത്യയുടെ അടുത്ത അഭിമാനകരമായ ദൗത്യം ഓഗസ്റ്റ് 26-ന് വിക്ഷേപിക്കാൻ തീരുമാനിച്ചതായി ഇസ്രോ. ഐഎസ്ആർഒയുടെ നാഴികകല്ലാകും ദൗത്യം. പിഎസ്എൽവി-എക്സ്എൽ വിക്ഷേപണ വാഹനം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് (എസ്ഡിഎസ്സി ഷാർ) വിക്ഷേപിക്കും. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 800 കിലോമീറ്റർ അകലെ ലോ എർത്ത് ഓർബിറ്റിലേക്കാണ് (എൽഇഒ) വിക്ഷേപിക്കുന്നത്. സൂര്യനിൽ നിന്ന് ഏകദേശം 149 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റ് 1 (എൽ1) എന്ന പ്രത്യേക ബിന്ദുവിന് ചുറ്റും ഭ്രമണം ചെയ്യും.
സൂര്യന്റെ അന്തരീക്ഷം, പരിസ്ഥിതി, അതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിക്കുകയും ഗവേഷണം നടത്തുകയുമാണ് ദൗത്യത്തിന്റെ ലക്ഷ്യം. 1500 കിലോഗ്രാം ഭാരമുള്ള പേടകത്തിൽ സൂര്യന്റെ അന്തരീക്ഷത്തിന്റെ വിവിധ ഭാഗങ്ങൾ പഠിക്കാൻ’പേലോഡ്’ എന്ന പ്രത്യേക ഉപകരണങ്ങൾ വഹിക്കും. ഏഴ് പേലോഡുകളാകും ഉപഗ്രഹം വഹിക്കുന്നത്.
നാലെണ്ണം എൽ 1 എന്ന പ്രത്യേക സ്ഥാനത്ത് നിന്ന് സൂര്യനെ നേരിട്ട് നിരീക്ഷിക്കും. മറ്റ് മൂന്ന് പേലോഡുകൾ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠിക്കും. സൂര്യന്റെ പ്രവർത്തനം
ഗ്രഹങ്ങൾക്കിടയിലുള്ള സ്ഥലത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠിക്കാൻ ഈ പഠനങ്ങൾ സഹായിക്കും. കൊറോണൽ ഹീറ്റിംഗ്, കൊറോണൽ മാസ് എജക്ഷനുകൾ, പ്രീ-ഫ്‌ളെയർ ആൻഡ് ഫ്‌ലെയർ പ്രവർത്തനങ്ങൾ, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത, കണങ്ങളുടെയും ഫീൽഡുകളുടെയും ചലനം എന്നിങ്ങനെ സൂര്യന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ആദിത്യ എൽ1 പേലോഡുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി ബഹിരാകാശ വിദഗ്ധൻ ഗിരീഷ് ലിംഗണ്ണ വ്യക്തമാക്കി.
ഗണിതശാസ്ത്രജ്ഞനായ ജോസഫ് ലൂയിസ് ലഗ്രാഞ്ച് കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട ലഗ്രാൻജിയൻ പോയിന്റുകളിൽ ഒന്നാണ് എൽ1 പോയിന്റ്. ഭൂമിയുടെ ഭ്രമണപഥത്തിൽ സൂര്യനും ഭൂമിക്കും ഇടയിൽ ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. രണ്ട് വസ്തുക്കൾക്കിടയിലുള്ള ഗുരുത്വാകർഷണ ബലങ്ങൾ സന്തുലിതമാക്കുന്നു പോയിന്റാണിത്. അതുകൊണ്ട് ബഹിരാകാശ പേടകങ്ങൾക്ക് കൂടുതൽ ഇന്ധനം ഉപയോഗിക്കാതെ ഒരിടത്ത് തുടരാൻ കഴിയുന്നു.
ആദിത്യ എൽ1, ആദിത്യ-ലാഗ്രാഞ്ച് പോയിന്റ് 1 എന്നും അറിയപ്പെടുന്നു. ലോ എർത്ത് ഓർബിറ്ററിൽ എത്തിയ ശേഷം ഉപഗ്രഹം അതിന്റെ ഓൺബോർഡ് ത്രസ്റ്ററുകൾ ഉപയോഗിച്ചാകും പ്രവർത്തിക്കുക. ഭൂമിയുടെ ഗുരുത്വാകർഷണത്തെ മറികടക്കാൻ എൽ1 ലാഗ്രാഞ്ച് പോയിന്റിലേക്ക് ഭ്രമണപഥം ഉയർത്താൻ എർത്ത് ബേൺ എലിപ്റ്റിക്കൽ ഓർബിറ്റൽ മാനുവറുകൾ സഹായിക്കും. ലാഗ്രേഞ്ച് പോയിന്റിൽ എത്താൻ ഏകദേശം 109 ദിവസമാണ് കണക്കാക്കിയിരിക്കുന്നതെന്ന് ഐഎസ്ആർഒയിലെ മുൻ സീനിയർ സയന്റിസ്റ്റ് ഡോ. ടിഎൻ സുരേഷ് കുമാർ പറഞ്ഞു. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണെന്നും അറിയപ്പെടാതെ പോകുന്ന പല രഹസ്യങ്ങളും ചുരുളഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ദൗത്യത്തിന് അഞ്ച് വർഷം വരെയാണ് ആയുസ് പ്രതീക്ഷിക്കുന്നത്.
Comments