ന്യൂഡൽഹി: പിടിച്ചുപറി സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയിൽ നിന്നും തെറിച്ച് വീണ് അദ്ധ്യാപികയ്ക്ക് പരിക്ക്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അദ്ധ്യാപികയുടെ കയ്യിൽ ഉണ്ടായിരുന്ന ഐഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഡൽഹിയിലെ സാകേതിലാണ് സംഭവം.
വെെകിട്ട് സ്കൂൾ കഴിഞ്ഞ് വീട്ടിലേയ്ക്ക് പോവുകയായിരുന്ന അദ്ധ്യാപികയുടെ ഐഫോൺ പിന്നാലെ വന്ന രണ്ട് ബെെക്ക് യാത്രികർ പിടിച്ചു പറിക്കാൻ ശ്രമിക്കുകയായിരുന്നു. പിടിച്ചുപറിക്കാരിൽ നിന്ന് പരമാവധി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ധ്യാപിക വണ്ടിയിൽ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. മോഷ്ടാക്കൾ ഫോണുമായി രക്ഷപ്പെട്ടു.
അപകടത്തിൽ പരിക്കേറ്റ അദ്ധ്യാപികയെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ധ്യാപികയുടെ മൂക്കിന് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ പരാതിയിൽ സാകേത് പോലിസ് കേസെടുത്തിട്ടുണ്ട്.
Comments