ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ നിന്നും ആഗസ്റ്റ് 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവർണ പതാക ഉയർത്തുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് മറ്റൊരു നേട്ടത്തിലേക്ക് കൂടി. ചൊവ്വാഴ്ച 77-ാം സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുമ്പോൾ, തുടർച്ചയായി 10 തവണ ത്രിവർണ പതാക ഉയർത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന നേട്ടമാണ് അദ്ദേഹം കൈവരിക്കുന്നത്. ഇതിന് മുമ്പ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് 10 തവണ ദേശീയ പതാക ഉയർത്തിയ വ്യക്തി.
ഇതുവരെ ഇന്ത്യ കണ്ടത് 15 പ്രധാനമന്ത്രിമാരെയാണ്. ഇതിൽ 13 പേരും ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിട്ടുണ്ട്. എന്നാൽ രണ്ട് പ്രധാനമന്ത്രിമാരായ ഗുൽസാരിലാൽ നന്ദയ്‌ക്കും ചന്ദ്രശേഖറിനും സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയർത്താൻ അവസരം ലഭിച്ചിരുന്നില്ല. ജവഹർലാൽ നെഹ്‌റുവാണ് 17 തവണ ഇന്ത്യൻ പതാക ചെങ്കോട്ടയിൽ ഉയർത്തിയ പ്രധാനമന്ത്രി എന്ന പദ്ധവിയിലുള്ളത്.
അതേസമയം ത്രിവർണ പതാകയോടൊപ്പമുളള സെൽഫികൾ പങ്കുവെക്കാനുള്ള പ്രധാനമന്ത്രിയുടെ ഹർഘർ തിരംഗ ക്യാമ്പയിൻ ഏറ്റെടുത്തിരിക്കുകയാണ് രാജ്യം. ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരോട് സമൂഹമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളുടെ മുഖചിത്രം ത്രിവർണ്ണ പതാക ആക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതുവരെ ഹർ ഘർ തിരംഗ വൈബ്സൈറ്റിൽ 5.8 കോടി സെൽഫികളാണ് അപ് ലോഡ് ചെയ്തത്.
Comments