സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ശേഷം ത്രിവർണ പതാക വെറുതെയങ്ങ് കളയാമെന്നാണോ കരുതുന്നത്? എങ്കിൽ പണി കിട്ടുമെന്ന് ഉറപ്പാണ്. ദേശീയ പതാക നീക്കുന്നതിനും സൂക്ഷിച്ച് വെക്കുന്നതിനും ചില മാനദണ്ഡങ്ങളുണ്ട്. 2002-ലെ ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ പ്രകാരമായിരിക്കണം പതാക നീക്കം ചെയ്യാൻ.
ആദരവോടെയാകണം ഉയർത്തിയ പതാക താഴെയിറക്കാനും മടക്കാനും. ദേശീയ പതാക എങ്ങനെ മടക്കണമെന്നത് സംബന്ധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ പതാക താഴെ ഇറക്കിയ ശേഷം സമാന്തരമായി വെക്കണം. തുടർന്ന് കുങ്കുമം, പച്ച എന്നീ രണ്ട് ബാൻഡുകൾ വെള്ള ബാൻഡിന് താഴെയായി മടക്കിവെക്കേണ്ടതാണ്. അശോകചക്രം കാവി, പച്ച ബാൻഡുകളുടെ ഭാഗങ്ങൾ ദൃശ്യമാകുന്ന തരത്തിലാകണം വെള്ള ബാൻഡ് മടക്കാൻ. തുടർന്ന് തികഞ്ഞ ബഹുമാനത്തോടെ ദേശീയ പതാക സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കണം.
മുഷിഞ്ഞ പതാകയാണെങ്കിൽ..
ഇന്ത്യയുടെ ഫ്ളാഗ് കോഡ് പ്രകാരം, മുഷിഞ്ഞതോ കീറിയതോ ആയ ദേശീയ പതാക സ്വകാര്യമായി നീക്കം ചെയ്യണമെന്നാണ് വ്യവസ്ഥ. പതാകയുടെ അന്തസ് പരിഗണിച്ചാകണം സംസ്കരണം. പതാക ചവിട്ടുകയോ ചുരുട്ടി കൂട്ടുകയോ ചെയ്യരുത്.
പേപ്പർ പതാകകൾ
പേപ്പർ പതാകകൾ നിലത്ത് കളയാൻ പാടില്ല. ഇവയും സ്വകാര്യമായി വേണം ഉപേക്ഷിക്കാൻ. ദേശീയ പതാകയുടെ മഹത്വം വിചാരിച്ചാകണം പതാക നീക്കം ചെയ്യാൻ. നിയമലംഘനം നടത്തിയാൽ പിഴയോ മൂന്ന് വർഷം വരെ തടവോ ലഭിക്കാം.
ശിക്ഷ
സായുധ സേനാംഗങ്ങളുടെ ശവസംസ്കാരത്തിലോ സംസ്ഥാനങ്ങളിൽ ഭരണഘടന പദവി വഹിക്കുന്നവരുടെ സംസ്കാരത്തിന് മാത്രമാകും ദേശീയപതാക പുതപ്പിക്കാൻ കഴിയുക. മറ്റുള്ള സാഹചര്യങ്ങളിൽ അനാവശ്യമായി ത്രിവർണ പതാക ഉപയോഗിക്കാൻ പാടില്ല, തുണി തരമായി ഉപയോഗിക്കരുത്. പതാക വ്യക്തിയുടെ അരയ്ക്ക് താഴെ ധരിക്കുന്ന വസ്ത്രത്തിന്റെയോ യൂണിഫോമിന്റെയോ ഭാഗമാകരുത്. തൂവാലകൾ, നാപ്കിനുകൾ, അടിവസ്ത്രങ്ങൾ, തലയണകൾ തുടങ്ങിയ വസ്ത്രങ്ങളിൽ ദേശീയ പതാക എംബ്രോയ്ഡറിയോ പ്രിന്റോ ആയി ഉപയോഗിക്കാനാവില്ല. ദേശീയ പതാകയിൽ അക്ഷരങ്ങളോ ലിഖിതങ്ങളോ പാടില്ല. പതാക തറയിലോ തറയിലോ മനപ്പൂർവ്വം തൊടുന്നില്ലെന്ന് പൗരന്മാർ ഉറപ്പാക്കണം.
Comments