ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം ദുബായിലൊരുങ്ങുന്നു. അന്തരീക്ഷ മലിനീകരണമുണ്ടാക്കാത്ത ഊർജ സ്രോതസുകളിലേക്കു ചുവടുമാറ്റി ഹരിത സമ്പദ് വ്യവസ്ഥയാക്കി ദുബായിയെ മാറ്റുകയെന്നതാണ് അധികൃതരുടെ ലക്ഷ്യം. സൂര്യ പ്രകാശത്തിൽ നിന്ന് 1800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന വമ്പൻ പദ്ധതിക്കാണ് ദുബായ് ഒരുങ്ങുന്നത്. ദുബായ് ഇലക്ട്രിസിറ്റ് ആൻഡ് വാട്ടർ അതോറിറ്റി, അബുദാബി ഫ്യൂച്ചർ എനർജി കമ്പനിയുമായായി ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടു.
ഒരു പ്രത്യേക സ്ഥലത്ത് സോളർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സൗരോർജ കേന്ദ്രം എന്ന പദവി ഇതോടെ ദുബായിലെ സോളാർ പാർക്കിനു ലഭിക്കും. ഇതിന്റെ ആറാം ഘട്ട വികസന പദ്ധതിയിലാണ് ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പാടം സൃഷ്ടിക്കുന്നത്. ഊർജ ഉത്പാദനത്തിന് പെട്രോളിയം സ്രോതസ്സിൽ നിന്ന് ഹരിത സ്രോതസിലേക്കുള്ള വലിയ ചുവടുമാറ്റമാണ് ഇതിലൂടെ ദുബായ് നടത്തുന്നത്.
ഒരു കിലോവാട്ടിന് എട്ട് ദിർഹത്തിൽ താഴെ മാത്രമാണ് സൗരോർജ വൈദ്യുതിയുടെ ഉത്പാദനച്ചെലവ്. 2050 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കുക എന്ന ദുബായിയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്ന വലിയ മാറ്റമാണിത്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 65 ലക്ഷം ടൺ കാർബൺ പുറന്തള്ളൽ ദുബായിൽ ഇല്ലാതാകും. അടുത്ത വർഷം അവസാനത്തോടെ സോളാർ പാനലുകൾ പ്രവർത്തന സജ്ജമാകും.













