മുംബൈ: മഹാരാഷ്‌ട്ര സർക്കാരിന്റെ ഉദ്യോഗ് രത്ന പുരസ്‌കാരം രത്തൻ ടാറ്റയ്‌ക്ക് ലഭിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രത്തൻ ടാറ്റയുടെ വസതിയിലെത്തിയാണ് പുരസ്കാരം കൈമാറിയത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിലും സമൂഹത്തിലും ടാറ്റ കാമ്പനിയും രത്തൻ ടാറ്റയും നൽകിയ പങ്കാളിത്തം കണക്കിലെടുത്താണ് പുരസ്കാരം.
രത്തൻ ടാറ്റയെ ഉദ്യോഗ് രത്ന പുരസ്‌കാരം നൽകി ആദരിച്ചതിലൂടെ പുരസ്‌കാരത്തിന്റെ അന്തസ്സും മൂല്യവും വർദ്ധിപ്പിച്ചെന്ന് ഏകനാഥ് ഷിൻഡെ പ്രതികരിച്ചു. എല്ലാ മേഖലകളിലും ടാറ്റ ഗ്രൂപ്പിന്റെ സംഭാവന വളരെ വലുതാണ്. ടാറ്റ എന്നാൽ വിശ്വാസമാണെന്നും മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു.
മഹാരാഷ്‌ട്ര സർക്കാർ പ്രഖ്യാപിക്കുന്ന ആദ്യത്തെ ഉദ്യോഗ് രത്‌ന അവാർഡാണിത്. സംസ്ഥാനത്തിന്റെ വ്യാവസായിക-സാമ്പത്തിക വികസനത്തിൽ നിർണായക പങ്ക് വഹിച്ച വ്യക്തികളെയും സംഘടനകളെയും അംഗീകരിക്കുന്നതിനും പ്രശംസിക്കുന്നതിനും മഹാരാഷ്‌ട്ര സർക്കാരിന്റെ ഒരു ചുവടുവെപ്പാണ്’ഉദ്യോഗ് രത്‌ന’അവാർഡ്. മഹാരാഷ്‌ട്ര വ്യവസായ വികസന കോർപ്പറേഷന്റെ പൊന്നാടയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്നതാണ് ബഹുമതി.
Comments