മലയാളികളുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹൻലാലും. ഒരു പക്ഷേ ഇരുവരെയും ഒന്നിച്ചു കാണാൻ ആരാധകർ എപ്പോഴും ഒരുപോലെ ആഗ്രഹിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇരുവരും ഒരുമിച്ചുള്ളൊരു ചിത്രം പുറത്തു വന്നാൽ തന്നെ സോഷ്യൽ മീഡിയ അത് ആഘോഷമാക്കും. അത്തരത്തിൽ വീണ്ടും ആരാധകരെ കയ്യിലെടുക്കാൻ എത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാറുകൾ. ഇരുവരുടെയും താടിയുടെ കഥയാണ് ഇപ്പോൾ ആരാധകർക്കിടയിലെ സംസാര വിഷയം. അടുത്തിടെ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ഒരു വേദിയിൽ വെച്ചാണ് മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.
ഇരട്ട ക്ലൈമാക്സുള്ള ചിത്രം ഹരികൃഷ്ണൻസിൽ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഹരികൃഷ്ണൻസിന് ഇരട്ട ക്ലൈമാക്സ് ആയതുകൊണ്ട് തന്നെ ഹരിക്കും കൃഷ്ണനും നായികയായ മീരയെ കിട്ടിയെന്നും പറയാം കിട്ടിയില്ലെന്നും പറയാം. അതുകൊണ്ട് തന്നെ ഇരുവരും മീരയെ സ്വന്തമാക്കാൻ കഴിയാത്തതിൽ തുല്യ ദുഃഖിതരാണെന്നും അതുകൊണ്ടാണ് നിരാശകാമുകൻമാരായി തങ്ങൾ താടിവെച്ച് നടക്കുകയാണ് എന്നും മമ്മൂട്ടി തമാശയായി പറഞ്ഞു. ഫാസിലിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മോഹൻലാലും വേദിയിൽ ഉണ്ടായിരുന്നു.
1998ൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ഹരികൃഷ്ണൻസ്. ചിത്രത്തിൽ ഹരിയായി മമ്മൂട്ടിയും കൃഷ്ണനായി മോഹലാലുമാണ് എത്തിയത്. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഹരികൃഷ്ണൻസ്. ഫാസിൽ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ജൂഹി ചൗളയായിരുന്നു നായികയായ മീരയായി എത്തിയത്.
Comments