വാരണാസി ; വീടിനുള്ളിൽ അതിക്രമിച്ച് കയറി രണ്ടര വയസുകാരിയേയും , അമ്മയേയും ബന്ദിയാക്കിയ അക്രമികളെ സിനിമാ സ്റ്റൈലിൽ പിടികൂടി യുപി പോലീസ് . വാരണാസിയിലെ ബഡാ ലാൽപൂരിലെ വിഡിഎ കോളനി ഫേസ്-1 ലെ റിട്ടയേർഡ് എൻടിപിസി എഞ്ചിനീയറുടെ വീട്ടിലാണ് സംഭവം . കത്തിയുമായി എത്തിയ രണ്ട് യുവാക്കളാണ് രണ്ടര വയസ്സുകാരിയേയും അമ്മയെയും ബന്ദികളാക്കി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടത് . പണം നൽകിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് സമീപവാസികളാണ് ഇക്കാര്യം പോലീസിൽ അറിയിച്ചത് .
വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തി. ഓഫീസർമാരിലൊരാളായ അതുൽ അഞ്ജൻ കുടുംബാംഗമെന്ന വ്യാജേന വീട്ടിനുള്ളിൽ പോയി അക്രമികളുമായി സംസാരിച്ചു. പെൺകുട്ടിക്ക് ഒരു അപകടവും ഉണ്ടാകാതിരിക്കാൻ അവരുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നു . ഒടുവിൽ ചായയും ബിസ്ക്കറ്റും എന്ന വ്യാജേന പ്ലേറ്റിനുള്ളിൽ തോക്കുമായി ചെന്നാണ് രണ്ട് അക്രമികളെയും പോലീസ് സംഘം പിടികൂടിയത്. രണ്ട് പേർക്കും 20 വയസിൽ താഴെയാണ് പ്രായം . ഇവർ മുൻപും കുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചിരുന്നതായി വാരണാസി പോലീസ് കമ്മീഷണർ അശോക് മുത്താ ജെയിൻ പറഞ്ഞു.
Comments