ദോഹ: ഏഷ്യൻ വൻകരയുടെ ചാമ്പ്യൻമാർ കിരീടമുയർത്തുക മെസിയും സംഘവും ലോകചാമ്പ്യൻമാരായ അതേ സ്റ്റേഡിയത്തിൽ. കാൽപന്തുകളിയുടെ ആരവമുയരാൻ ലുസൈൽ സ്റ്റേഡിയം ജനുവരിയിൽ നടക്കുന്ന എഎഫ്സി ഏഷ്യൻ കപ്പ് 2023 ന്റെ ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്കും വേദിയാകും. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. 2024 ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ 7 ലോകകപ്പ് സ്റ്റേഡിയങ്ങൾ ഉൾപ്പെടെ 9 വേദികളിലായാണ് ഫുട്‌ബോൾ മാമാങ്കം അരങ്ങേറുക.
ജനുവരി 12ന് രാത്രി 7ന് ആതിഥേയരായ ഖത്തറും ലബനനും തമ്മിലാണ് ഉദ്ഘാടന മത്സരം. 88,000 സീറ്റിംഗ് ശേഷിയുള്ള സ്‌റ്റേഡിയത്തിൽ ഫെബ്രുവരി 10നാണ് ഫൈനൽ. ലോകകപ്പ് വേദികളായ ലുസെയ്ലിന് പുറമേ അൽഖോറിലെ അൽ ബെയ്ത്, അൽ വക്രയിലെ അൽ ജനൗബ്, അൽതുമാമ, അൽ റയാനിലെ അഹമ്മദ് ബിൻ അലി, എജ്യൂക്കേഷൻ സിറ്റി, ഖലീഫ ഇന്റർനാഷനൽ എന്നീ സ്റ്റേഡിയങ്ങളുൾപ്പെടെയുളള 9 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
6 ഗ്രൂപ്പുകളിലായി 24 ടീമുകളാണ് മത്സര രംഗത്തുള്ളത്. വേദികൾ തമ്മിലുളള ദൂരം കുറവായതിനാൽ ആരാധകർക്ക് ഗ്രൂപ്പ് ഘട്ടങ്ങളിൽ ഒന്നിലധികം മത്സരങ്ങൾ ഓരോ ദിവസവും കാണാനാവും. ഫിഫ ലോകകപ്പിന് ശേഷം എക്കാലത്തെയും മികച്ച എഎഫ്സി ഏഷ്യൻ കപ്പ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിലാണ് നിലവിലെ എഎഫ്സി ചാമ്പ്യന്മാരായ ഖത്തർ. 1988, 2011 വർഷങ്ങളിലും എഎഫ്സി ഏഷ്യൻ കപ്പിന് ഖത്തർ വേദിയായിരുന്നു.
ഗ്രൂപ്പ് എയിൽ ചൈന, താജിക്കിസ്ഥാൻ, ലബനൻ എന്നിവക്കൊപ്പമാണ് ഖത്തർ. ഓസ്ട്രേലിയ, ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നിവർക്കൊപ്പം ഗ്രൂപ്പ് ബിയിൽ ആണ് ഇന്ത്യ. നിരവധി ഫുട്‌ബോൾ ആരാധകരുളള ഖത്തറിൽ ഇന്ത്യയുടെ മത്സരങ്ങൾ കാണുന്നതിനായി മലയാളികൾ അടക്കമുളള ഇന്ത്യക്കാർ സ്‌റ്റേഡിയത്തിലെത്തും.
Comments