‘ഓഗസ്റ്റ് 23-ന് വൈകുന്നേരം ആറ് മണി നാല് മിനിറ്റ്’ ലോകത്തിൽ ഭാരതത്തിന്റെ നാമം അലയടിച്ച നിമിഷം. ചരിത്രത്തിന്റെ ഏടുകളിൽ സുവർണ ലിപികളാൽ എഴുതപ്പെടുന്ന ദിനം. സോഫ്റ്റ് ലാൻഡിംഗ് വിജയമായതോടെ ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ പണിയും കൂടുന്നു എന്ന് വേണമെങ്കിൽ പറയാം. കാരണം ഇനിയാണ് സങ്കീർണമായ പല കണ്ടെത്തലുകളും ചന്ദ്രയാൻ കണ്ടെത്തുന്നത്.
ഒരു ചാന്ദ്ര പകൽ മാത്രമാകും ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ടൺ കണക്കിന് ഡാറ്റാ വിശകലനം ചെയ്യാൻ തുടങ്ങും. ചാന്ദ്രോപരിത്തലത്തിൽ തൊട്ടതിന് പിന്നാലെ വിക്രം ലാൻഡറിന്റെ ഒരു വശത്തെ പാനൽ തുറക്കും.
തുടർന്ന് പ്രഗ്യാൻ റോവറിന്റെ റാമ്പ് തുറക്കും. ആറ് ചക്രങ്ങളുള്ള ത്രിവർണ്ണ പതാകയും ഐഎസ്ആർഒ ലോഗോയും പതിച്ച പ്രഗ്യാൻ, ലാൻഡറിൽ നിന്ന് നാല് മണിക്കൂറിന് ശേഷം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും. ത്രിവർണ്ണ പതാകയുടെയും ഐഎസ്ആർഒയുടെ ലോഗോയുടെയും മുദ്രകൾ ചന്ദ്രോപരിതലത്തിൽ സ്പർശിക്കുന്നതോടെ പുതുചരിത്രം പിറക്കും. ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.
ചാന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ധാരാളം ഡാറ്റകൾ വരുമെങ്കിലും പ്രഗ്യാൻ റോവർ ഒരു ചാന്ദ്ര ദിനത്തിൽ (14 ഭൗമദിനം) മാത്രമാകും പ്രവർത്തിക്കുക. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ പ്രവർത്തനരഹിതമാകാനുള്ള കാരണം. 238 ഡിഗ്രി സെൽഷ്യൽസ് വരെ തണുപ്പാണ് ചാന്ദ്രരാത്രിയിൽ. 14 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് അടുത്ത സൂര്യോദയമെന്നതിനാൽ തന്നെ പ്രഗ്യാൻ പ്രവർത്തന രഹിതമാകും. അതുകൊണ്ടാണ് ഒരു ചാന്ദ്രദിനം മാത്രമാണ് റോവറിന് ആയുസ് ഉള്ളൂവെന്ന് പറയാൻ കാരണം.
സൗരോർജ്ജത്തിലാണ് ലാൻഡറും റോവറും പ്രവർത്തിക്കുന്നത്. ഭൂമിയോട് നേരിട്ട് ആശയവിനിമയം നടത്തുന്ന ലാൻഡറുമായി മാത്രമേ റോവറിന് ആശയവിനിമയം നടത്താൻ കഴിയൂ. റോവറിന് നേരിട്ട് ഭൂമിയിലേക്ക് സന്ദേശം അയക്കാൻ കഴിയില്ലെന്ന് ചുരുക്കം. എന്നാൽ ചന്ദ്രന്റെ ഉപരിതലവുമായി ബന്ധപ്പെട്ട ഡാറ്റ നൽകുന്നതിന് പേലോഡുകൾ ഉപയോഗിച്ച് ക്രമീകരിച്ച ഉപകരണങ്ങൾ ഈ റോവറിലുണ്ട്. ഇതുവഴി ചന്ദ്രന്റെ അന്തരീക്ഷത്തിന്റെ മൂലക ഘടനയെ കുറിച്ചുള്ള ഡാറ്റ ശേഖരിക്കുകയും ലാൻഡറിലേക്ക് ഡാറ്റ അയക്കുകയും ചെയ്യുന്നു. മറ്റ് മൂന്ന് പേലോഡുകൾ ഉപയോഗപ്പെടുത്തി വിക്രം ലാൻഡർ ഉപരിതല പ്ലാസ്മയുടെ സാന്ദ്രത അളക്കും,ഒപ്പം ചന്ദ്രന്റെ പുറത്തെ പ്രകമ്പനം അളക്കുകയും ഘടന വ്യക്തമാക്കുകയും ചെയ്യും.
Comments