പൂനെ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ സമൂഹമാദ്ധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ. സെൻട്രൽ മുംബൈയിലെ ദാദർ സ്വദേശി കൈലാസ് മധുകർ കപ്ഡിയെയാണ് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ട്വിറ്റർ (എക്സ്) വഴിയാണ് ഇയാൾ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്.
2022 സെപ്റ്റംബറിനും 2023 മാർച്ചിനുമിടയിൽ നിരവധി തവണയാണ് ഇയാൾ ഏക്നാഥ് ഷിൻഡെയെ അപകീർത്തിപ്പെടുത്തി പോസ്റ്റ് ഇടുകയും ഷെയർ ചെയ്യുകയും ചെയ്തത്. ഇയാളുടെ പോസ്റ്റുകൾ വഴി പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുകയും ശത്രുത വളർത്തുന്നതിനും കാരണമായെന്ന കണ്ടെത്തലിനെ തുടർന്നാണ് സൈബർ പോലീസ് കേസെടുത്തത്. മാർച്ച് ആറിനായിരുന്നു ആദ്യ കേസ് രജിസ്റ്റർ ചെയ്തത്.
പ്രതിയുടെ ഐപി വിലാസം കണ്ടെത്തി. പിന്നാലെ ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഐപിസി സെക്ഷൻ 153(എ), 505(2), ഐടി ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.
Comments