പ്രഭാത ഭക്ഷണം മുടങ്ങാതെ എല്ലാ ദിവസവും രാവിലെ കഴിക്കണമെന്ന് പല പഠനങ്ങളിലം നാം വായിച്ചിട്ടുണ്ട്. ആദ്യത്തെ ഭക്ഷണം അന്നേ ദിവസത്തെ ഊർജ്ജം നിലനിർത്തുന്നതിന് സഹായകമാണെന്ന് പറയപ്പെടുന്നു. പ്രഭാത ഭക്ഷണത്തിന് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുവോ അതുപോലെ തന്നെ രാത്രിയിലെ ഭക്ഷണത്തിനും പ്രാധാന്യമുണ്ട്. എന്നാൽ നമ്മളിൽ പലർക്കും ഇതിനെക്കുറിച്ച് വ്യക്തമായ അവബോധമില്ല. അത്താഴം ഏറെ വൈകി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. വൈകിട്ട് ഏഴിന് മുമ്പായി അത്താഴം കഴിക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ഇത് ദഹനത്തെയും ശരീര ഭാരം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. നേരത്തെ ആഹാരം കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം..
ദഹനം മെച്ചപ്പെടുത്തും
നേരത്തെ അത്താഴം കഴിക്കുകയാണെങ്കിൽ ഇത് ഉറങ്ങുന്നതിന് മുമ്പ് ദഹനം കൃത്യമായി നടക്കാൻ സഹായകമാകും. ഉറങ്ങുന്നതിന് തൊട്ടുമുമ്പാണ് ഭക്ഷണം കഴിക്കുന്നത് എങ്കിൽ ഇത് ശരിയായ രീതിയിൽ ദഹനം നടക്കുന്നതിന് പ്രയാസമാകുന്നു. ഇത് ദഹന സംബന്ധിയായ അസുഖങ്ങൾക്കോ ഉറക്കം നഷ്ടപ്പെടുന്നതിനോ വരെ കാരണമായേക്കാം.
ശരിയായ ഉറക്കം
ഉറങ്ങുന്നത് കുറച്ച് സമയം മുമ്പ് വയറു നിറച്ച് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നതിന് കാരണമാകുന്നു. ഇത് ശരിയായി ഉറങ്ങുന്നത് തടസ്സപ്പെടാൻ കാരണമാകുന്നു. നേരത്തെ ഭക്ഷണം കഴിക്കുകയാണെങ്കിൽ ദഹന പ്രക്രിയകൾ പൂർത്തിയാക്കി വിശ്രമിക്കാൻ ശരീരം തയാറെടുക്കും. ഇതിലൂടെ തടസമില്ലാത്ത ഉറക്കത്തിന് സാധിക്കും.
ശരീര ഭാരം നിയന്ത്രിക്കാനാകും
പതിവായി നേരത്തെ അത്താഴം കഴിക്കുകയാണെങ്കിൽ ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് അമിത തോതിൽ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. കൂടാതെ വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കുന്നതിനുള്ള പ്രവണതകളും വർദ്ധിക്കും. നേരത്തെ ഭക്ഷണം കഴിച്ചാൽ ഇത് കുറക്കുന്നതിന് സഹായിക്കും.
നെഞ്ചെരിച്ചല് കുറക്കും
ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കിൽ നെഞ്ചെരിച്ചില് അനുഭവപ്പെടുന്നതിനുള്ള സാദ്ധ്യത വർദ്ധിക്കും. നേരത്തെ അത്താഴം കഴിക്കുന്നത് നെഞ്ചെരിച്ചിൽ കുറയ്‌ക്കുന്നതിന് സഹായിക്കും.















