തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രോ ചെയർമാൻ ഡോ. സോമനാഥ്. ക്ഷേത്രദർശനത്തിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ച അദ്ദേഹം ഇവിടെ വരാനിടയുണ്ടായ സാഹചര്യത്തെക്കുറിച്ചും വിശദീകരിച്ചു.
”കുട്ടിക്കാലത്ത് ക്ഷേത്രങ്ങളിലെല്ലാം പോയി, പ്രാർത്ഥിച്ച്, അവിടുത്തെ പരിപാടികളിലെല്ലാം പങ്കെടുത്ത് വളർന്ന സാമൂഹ്യ പശ്ചാത്തലമുള്ളയാളാണ്. അതുകൊണ്ട് ശാസ്ത്രബോധത്തിൽ പ്രശ്‌നം വന്നതായി തോന്നിയിട്ടില്ല. ഇതെന്റെ പേഴ്‌സണൽ സ്‌പേസാണ്. പ്രൊഫഷണൽ സ്‌പേസ് വേറെയാണ്. ഇപ്പോൾ ക്ഷേത്രത്തിലെത്തിയത് എന്റെ വ്യക്തിപരമായ ഉദ്ദേശ്യമാണ്. മാനസികമായ ശക്തി കൈവരിക്കുന്നതിന്റെയും എന്റെ ആത്മീയ യാത്രയുടെയും ഭാഗമായാണ്. ഇതിന് ചന്ദ്രയാൻ ദൗത്യവുമായി യാതൊരു ബന്ധവുമില്ല. ” സോമനാഥ് പറഞ്ഞു.
ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അദ്ദേഹം പൗർണ്ണമിക്കാവിലെത്തിയത്. പ്രത്യേക പൂജകളിൽ പങ്കെടുത്ത ശേഷമായിരുന്നു മടക്കം.















