ഒട്ടുമിക്ക എല്ലാ വിഭവങ്ങളിലും ഇഞ്ചി ഉപയോഗിക്കാറുണ്ട്. ഇതിന് പുറമേ ഇഞ്ചി ചായയും മറ്റും ശീലമാക്കുന്നവരും ചെറുതല്ല. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള പ്രതിവിധിയാണ് ഇഞ്ചി. ഭക്ഷണത്തിൽ ചേർക്കുന്നത് വയറുവേദ, ഓക്കാനം എന്നിവയെ ചെറുക്കാൻ കഴിയും. ശരീരഭാരം കുറയ്‌ക്കാനും ഹൃദ്രോഗ സാദ്ധ്യതകളെ കുറയ്‌ക്കാനും ഇഞ്ചിക്ക് കഴിയും.
ഇത്രയധികം ഗുണങ്ങളുള്ള ഇഞ്ചി വെച്ചുള്ള ഒരു തീയൽ ആയാലോ ഓണത്തിന്? വളരെ ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്ന സ്വാദിഷ്ടമായ ഇഞ്ചി തീയൽ തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
1) ഇഞ്ചി – ഒരു കപ്പ്
2) തേങ്ങ- ഒരെണ്ണം
3) മഞ്ഞൾപ്പൊടി-ഒരു ടീസ്പൂൺ
4) മുളകുപ്പൊടി-ഒരു ടീസ്പൂൺ
5) മല്ലിപ്പൊടി-അര ടീസ്പൂൺ
6) ഉപ്പ്
7) കറിവേപ്പില
8) വെളിച്ചെണ്ണ
9) വാളംപുളി
10) കടുക്
തയ്യാറാക്കുന്ന വിധം
ഇഞ്ചി കനം കുറച്ച് വട്ടത്തിൽ അരിഞ്ഞ് വറുത്തെടുക്കുക. വെളിച്ചെണ്ണ ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. തേങ്ങ ബ്രൗൺ കളറായി വരുമ്പോൾ ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപ്പൊടി എന്നിവ ചേർത്ത് വറുക്കുക. തുടർന്ന് ഇത് മിക്‌സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
പാനിൽ എണ്ണ ഒഴിച്ച് കടുക് താളിക്കുക. ഇതിലേക്ക് വറുത്തു വെച്ചിരിക്കുന്ന ഇഞ്ചി ചേർക്കുക. ഇത് ചൂടായി വരുമ്പോൾ കറിവേപ്പില ചേർക്കുക. തുടർന്ന് ഇതിലേക്ക് അരച്ച് വെച്ചിരിക്കുന്ന തേങ്ങ ചേർത്തുകൊടുക്കുക. ഇതിലേക്ക് പുളി വെള്ളം കൂടി ചേർത്ത് തിളപ്പിക്കുന്നതോടെ ഇഞ്ചി തീയൽ റെഡി.















