പത്തനംതിട്ട: തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണ തോണി ആറന്മുള പാർത്ഥസാരഥി ക്ഷേത്രക്കടവിലെത്തി. രാവിലെ ആറേകാലോടെ ക്ഷേത്രത്തിന്റെ വടക്കേകടവിലാണ് തിരുവോണ തോണി എത്തിച്ചേർന്നത്. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ ക്ഷേത്ര ഭരണസമിതി തോണിയെ സ്വീകരിച്ചു. ശേഷം മങ്ങാട്ട ഭട്ടതിരിയും കാട്ടൂരിൽ നിന്നുള്ള 18 കുടുംബങ്ങളുടെ പ്രതിനിധികളും കൊണ്ടുവന്ന കാഴ്ച വസ്തുക്കൾ ശ്രീകോവിലിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തു.
48 പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് തിരുവോണ തോണിയെ സ്വീകരിച്ചത്. തിരുവോണ ദിനത്തിൽ ആദ്യ സദ്യ ഉണ്ടാക്കുന്നത് കാട്ടൂരിൽ നിന്നുള്ള സാധനങ്ങൾ കൊണ്ടാണ്. ക്ഷേത്രത്തിലെ ഇന്നത്തെ പ്രധാന ചടങ്ങ് തിരുവോണസദ്യ തയ്യാറാക്കലാണ്. തിരുവോണ ദിനത്തിൽ മങ്ങാട്ട് ഭട്ടതിരി തിരുവോണ മുറിൽ കൊണ്ടുവന്ന സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന സദ്യയാണ് എന്നതാണ് വിശ്വാസം. ഈ സദ്യ കഴിക്കാൻ വലിയ തിരക്കാണ് അനുഭവപ്പെടാറുള്ളത്. കഴിഞ്ഞ ഒരു മാസമായി ക്ഷേത്രത്തിൽ വള്ളസദ്യ നടക്കുകയാണ്.
ഓണാഘോഷത്തോട് അനുബന്ധിച്ച് ജില്ലയിലെ ഏറ്റവും പ്രാധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ആറന്മുള വള്ളസദ്യ. ആറന്മുള പാർത്ഥസാരഥിയെ ദർശിച്ച ശേഷമാണ് സദ്യ ഉൾപ്പെടുന്ന മറ്റ് ചടങ്ങുകളിലേയ്‌ക്ക് കടക്കുന്നത്. തിരുവോണത്തിന് ശേഷം വരുന്ന ഉത്രട്ടാതിയാണ് ആറന്മുളയുടെ വലിയ ആഘോഷം. ഈ വർഷം സെപ്റ്റംബർ രണ്ടിനാണ് ഉത്രട്ടാതി. പതിവിൽ കൂടുതൽ തിരക്കായിരിക്കും അന്ന് അനുഭവപ്പെടുക.
Comments