ന്യൂഡൽഹി: ഓൺലൈൻ ഡെലിവെറി ആപ്ലിക്കേഷനായ ആമസോണിന്റെ ഡൽഹി മാനേജർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഭജൻപൂരിലാണ് ദാരുണമായ സംഭവം നടന്നത്. ഹർപ്രീത് ഗിൽ(36) എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം. ഭജൻപുര മേഖലയിലെ സുഭാഷ് വിഹാറിലൂടെ ബൈക്കിൽ സഞ്ചരിക്കവെയാണ് സംഭവം നടന്നത്.
സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ തടഞ്ഞു നിർത്തിയ ശേഷം അഞ്ചു പേർ ഹർപ്രീതിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തലയ്ക്ക് വെടിയേറ്റ ഹർപ്രീത് സംഭവസ്ഥലത്തു വെച്ച് തന്നെ കൊല്ലപ്പെട്ടു. ഇയാളുടെ സുഹൃത്ത് ഗോവിന്ദ് സിംഗിന് ചെവിക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഗോവിന്ദ് സിംഗിനെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അക്രമികൾ ഒളിവിലാണ്. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാൻ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
Comments