ഇൻഡോർ: ഐഐടി ഇൻഡോർ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാനായി ഐഎസ്ആർഒ മുൻ മേധാവി ഡോ. കെ. ശിവനെ നിയമിച്ചു. 3 വർഷത്തേക്കാണ് നിയമനം. 2019 മുതൽ 2023 വരെ ചെയർമാനായിരുന്ന പ്രൊഫ.ദീപക് ബി ഫടക്കിന്റെ കാലാവധി അവസാനിച്ചതോടെയാണ് കെ. ശിവനെ നിയമിച്ചത്. ഓഗസ്റ്റ് 24-നാണ് കെ. ശിവനെ ബോർഡ് ഓഫ് ഗവർണേഴ്സ് ചെയർമാനായി നിയോഗിച്ചതെന്ന് ഐഐടി ഇൻഡോർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
മധുര സർവ്വകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിഎസ്സി പൂർത്തിയാക്കിയ ശിവൻ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയറോനോട്ടിക്‌സിൽ ബിടെകും ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗ് എംഇയും മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ പിഎച്ച്ഡിയും പൂർത്തിയാക്കി.
1982 ഒക്ടോബർ 29-നാണ് ശിവൻ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ചേരുന്നത്. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹന പദ്ധതിയുടെ രൂപകല്പനയിലും വികസനത്തിലും പ്രധാന പങ്കുവഹിച്ചു. ശിവന്റെ അദ്ധ്യക്ഷതയിലാണ് ചന്ദ്രനിലേക്കുള്ള രണ്ടാം ദൗത്യം ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. വിജയിച്ചില്ലെങ്കിലും ചന്ദ്രയാൻ -3ന് വേണ്ട ക്രമീകരണങ്ങൾക്ക് ഇത് സഹായിച്ചു. ഐഎസ്ആർഒ വിക്ഷേപണ വാഹനങ്ങളുടെയും തത്സമയ, തത്സമയ ഇതര ട്രാജക്റ്ററി സിമുലേഷനുകളുടെ ട്രാക്ക് സിമുലേഷൻ സോഫ്റ്റ്വെയറിന്റെ ചീഫ് ആർക്കിടെക്റ്റാണ് അദ്ദേഹം. പിഎസ്എൽവിയുടെ ഒറ്റ ദൗത്യത്തിൽ 104 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതിന്റെ മുഖ്യ ദൗത്യ ശില്പിയും ശിവനായിരുന്നു.
Comments