ചെറിയ കാര്യങ്ങൾക്കു പോലും മനസ്സ് തകർന്നുപോകുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യുന്ന സ്വഭാവമുള്ള നിരവധി ആളുകളാണുള്ളത്. ചിലർ നിസ്സാരകാര്യത്തിന് വീട്ടുകാരോടും സഹപ്രവർത്തകരോടും വരെ വഴക്കിടാറുണ്ട്. ഈ സമയങ്ങളിൽ ഹൃദയമിടിപ്പ് വർദ്ധിക്കുന്ന നിരവധി പേരുണ്ട്. ഇത്തരക്കാർക്ക് ചില ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കാൻ പോലും കഴിയണമെന്നില്ല. ഇത്തരക്കാരോട് ഒട്ടുമിക്കപേരും നിർദ്ദേശിക്കുന്നത് വിഷാദരോഗമാണെന്നും അതിനുവേണ്ടി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കണമെന്നുമാണ്.
എന്നാൽ ഏത് വിഭാഗത്തിലെ ഡോക്ടറെയാണ് കാണേണ്ടതെന്നും വിഷാദ രോഗമാണോ തനിക്കുള്ളതെന്നുമുള്ള സംശയത്തിലാണ് ഇത്തരം അസ്വാസ്ഥകൾ ഉള്ളവർ. ഒട്ടേറെ പേർക്ക് ഈ പ്രശ്നം ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നമ്മുടെ ശരീരത്തിന് പ്രധാനമായും രണ്ട് തരത്തിലെ അസുഖങ്ങളാണ് വരുന്നത്. ആദ്യത്തേത് ശരീരത്തിലെ അവയവങ്ങൾക്കുള്ള തകരാറുകൾ. രണ്ടാമത്തേത് മാനസികമായുള്ള തകരാറുകൾ. എന്നാൽ, മാനസികമായുള്ള തകരാറിന് പ്രധാനകാരണം ശരീരത്തിലെ ഹോർമോണുകളുടെ വ്യതിയാനമാണ്.
ഹോർമോണുകൾക്കുണ്ടാകുന്ന വ്യത്യാസമാണ് മാനസിക പിരിമുറുക്കത്തിന് കാരണം. ശരീരത്തിലെ അസുഖങ്ങളെക്കാൾ ചികിത്സിയ്‌ക്കേണ്ട ഒന്നാണ് മാനസിക സംഘർഷങ്ങൾ. ഉത്കണ്ഠയോ വിഷാദമോ ഉള്ളവർക്കാണ് വല്ലാത്ത ദേഷ്യം, ഏകാഗ്രതയില്ലായ്മ, മറവി എന്നിവയെല്ലാം പ്രകടമാകുന്നത്. ഇത്തരം ഘട്ടങ്ങളിൽ ഡോക്ടറെ കണ്ട് ചികിത്സ നേടുന്നതാണ് ഉത്തമം. ഇതെല്ലാം പരിപൂർണമായി ചികിത്സിച്ചു ഭേദമാക്കാൻ കഴിയുന്ന അസുഖമാണ്.
സ്ത്രീകളിൽ കണ്ടു വരുന്ന പ്രസവാനന്തര വിഷാദവും ഇത്തരത്തിൽ ചികത്സിച്ച് ഭേദമാക്കാൻ സാധിക്കും. ചില സ്ത്രീകൾ കുഞ്ഞിനു മുലയൂട്ടാൻ പോലും താൽപര്യം പ്രകടിപ്പിക്കാറില്ല. ഇത് ഹോർമോണുകളുടെ പ്രശ്നങ്ങൾ മൂലം വരുന്നതാണ്. ഇത്തരക്കാർ ഡോക്ടറെ കണ്ട് രോഗാവസ്ഥയെ കുറിച്ചു കൃത്യമായി മനസ്സിലാക്കുകയും ചികിത്സിക്കുകയുമാണ് വേണ്ടത്.















