കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ അസ്ഫാക് ആലം മാത്രമാണ് കേസിലെ ഏക പ്രതി. പ്രതിക്കെതിരെ നേരത്തെയുള്ള പോക്സോ കേസിന്റെ വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. 645 പേജുള്ള കുറ്റപത്രമാണ് റൂറൽ എസ്പി വിവേക് കുമാർ സമർപ്പിച്ചത്. പഴുതടച്ച കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്. 99 സാക്ഷികളെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 150 രേഖകളും 75 മെറ്റീരിയൽ ഒബ്ജക്ട്സുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 90 ദിവസത്തിനകം വിചാരണ പൂർത്തിയാക്കാനായി അപേക്ഷ നൽകുമെന്നും റൂറൽ എസ്പി വിവേക് കുമാർ അറിയിച്ചു.
പെൺകുട്ടി കൊല്ലപ്പെട്ട് 34 ദിവസങ്ങൾക്ക് ശേഷമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നത്. കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ പത്തോളം വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയ്യാറാക്കിയത്. കുറ്റപത്രത്തിൽ 99 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 62 തെളിവുകളാണ് കേസിനുള്ളത്.
ജൂലൈ 28-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. ആലുവ മാർക്കറ്റിന് സമീപത്തെ മാലിന്യങ്ങൾക്കിടയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അസ്ഫാക്ക് മുമ്പും പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചയാളാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
Comments