പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കപ്പെട്ട നടൻ മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി. ഇന്നലെയാണ് മാധവനെ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിയമിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹം ആശംസകളുമായി എത്തിയത്. എന്തിലും രാഷ്‌ട്രീയം കാണുന്ന ഇടതുപക്ഷത്തെ കടന്നാക്രമിച്ചാണ് ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പദവിക്ക് മാധവൻ അർഹനാണെന്നും സിനിമാജീവിതാനുഭവമാണ് മാധവനെ ഇതിന് യോഗ്യനാക്കിയെതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ കേരളത്തിലെ അന്തംകമ്മികൾ മാധവനെ ഇതോടെ സംഘിയാക്കുമെന്നും ഹരീഷ് പേരടി പറഞ്ഞു.
വ്യക്തിപരമായി മാധവനെ ഇഷ്ടാണെങ്കിലും അന്ധമായ പാർട്ടി അടിമത്വം അതിന് അനുവദിക്കുന്നില്ല. ബുദ്ധിയുറക്കുന്നതിന് മുൻപ് ബാലസംഘം വഴി കുത്തിവെക്കുന്ന വിശ്വാസമാണ് ഇതെന്നും അങ്ങനെ എളുപ്പത്തിൽ മാറ്റാൻ പറ്റില്ല. തങ്ങളുടെ ഇടയിലെ ബുദ്ധി കൂടിയ ചേട്ടൻമാർ മാധവന്റെ പഴയ സിനിമകളിലെ അരാഷ്‌ട്രിയത ചികഞ്ഞെടുത്ത് അതിനെതിരെ ലേഖനമെഴുതി പ്രസിദ്ധികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായും മാധവനെ ഇന്നലെയാണ് നിയമിച്ചത്. മുൻ പ്രസിഡന്റ് ശേഖർ കപൂറിന്റെ കാലാവധി 2023 മാർച്ച് 3ന് അവസാനിച്ചിരുന്നു. ഇതേ തുടർന്നാണ് മാധവന്റെ നിയമനം.
ഹരീഷ് പേരടിയുടെ പോസ്റ്റ്:
പ്രിയപ്പെട്ട മാധവൻ സാർ..അഭിവാദ്യങ്ങൾ …താങ്കൾ എന്തുകൊണ്ടും ആ പദവിക്ക് അർഹനാണ് …പല ഭാഷകളിലായി വർഷങ്ങളായുള്ള താങ്കളുടെ സിനിമാജീവിതാനുഭവം തന്നെയാണ് അതിന് നിങ്ങളെ യോഗ്യനാക്കുന്നത്…പക്ഷെ..നാളെ മുതൽ കേരളത്തിലെ ഞങ്ങൾ അന്തം കമ്മികൾക്കിടയിൽ നിങ്ങൾ സംഘിയെന്ന ഓമനപേരിൽ അറിയപ്പെടും…വ്യക്തിപരമായി താങ്കളെ ഞങ്ങൾക്കിഷ്ടമാണെങ്കിലും ഞങ്ങളുടെ അന്ധമായ പാർട്ടി അടിമത്വം അതിന് അനുവദിക്കുന്നില്ല…ബുദ്ധിയുറക്കുന്നതിന് മുൻപ് ബാലസംഘം വഴി കുത്തിവെക്കുന്ന വിശ്വാസമല്ലെ…അങ്ങിനെ എളുപ്പത്തിൽ മാറ്റാൻ പറ്റില്ല…ഇനി ഞങ്ങളുടെ ഇടയിലെ ബുദ്ധി കൂടിയ ചേട്ടൻമാർ നിങ്ങളുടെ പഴയ സിനിമകളിലെ അരാഷ്‌ട്രിയത ഉറക്കമൊഴിഞ്ഞ് ചികഞ്ഞെടുത്ത് അതിനെതിരെ ലേഖനമെഴുതി ഞങ്ങളുടെ സ്വന്തം ദേശാഭിമാനിയിൽ പ്രസിദ്ധികരിക്കും…അതുകൊണ്ടോന്നും ഏതെങ്കിലും ദേശാഭിമാനിയുടെ സർഗ്ഗോത്സവത്തിന് നിങ്ങൾ മുഖ്യാഥിതിയായി വരാതിരിക്കരുത്…ഞങ്ങളോടുള്ള ഇഷ്ടം കൊണ്ട് നിങ്ങൾ വരാമെന്ന് സമ്മതിച്ചാലും വരുന്ന വഴിക്ക് സൈബർ സഖാക്കളുടെ ആക്രമണം അധികമായാൽ പാതിവഴിയിൽ വെച്ച് നിങ്ങളോട് വരണ്ടാ എന്നും ഉത്തരവാദിത്വപ്പെട്ടവർ പറയും…അതൊക്കെ ഒരു പാർട്ടി നടപ്പ് മാത്രമാണ്….എന്നാലും നിങ്ങൾ ഇങ്ങിനെയൊക്കെയായതിൽ നല്ല സങ്കടമുണ്ട് …കരഞ്ഞ് തീർക്കട്ടെ…ഓടി വരി നാട്ടാരെ ഇമ്മളെ മാധവൻ പോയെ…ഓൻ സംഘിയായെ
Comments