ന്യൂഡൽഹി: ഏകദിന ലോകകപ്പിനായുളള ഇന്ത്യൻ ടീമിനെ ബിസിസിഐ തിരഞ്ഞെടുത്തതായി സൂചന. ഏഷ്യ കപ്പ് വേദിയായ ശ്രീലങ്കയിൽ നേരിട്ടെത്തിയാണ് ചീഫ് സെലക്ടർ അജിത് അഗാർക്കാർ ടീമിനെ തിരഞ്ഞടുത്തത്. 15 അംഗ ടീമിൽ നിന്ന് ഏഷ്യാ കപ്പ് ടീമിലുള്ള മൂന്ന് താരങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. മലയാളി താരം സജ്ഞു വി സാംസണ് ലോകകപ്പ് ടീമിൽ ഇടം നേടാനായില്ലെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകകപ്പിനുളള ടീമിനെ ബിസിസിഐ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ശ്രീലങ്കയിൽ ഇന്ത്യൻ ടീമിന്റെ പരിശീലകൻ രാഹുൽ ദ്രാവിഡുമായും നായകൻ രോഹിത് ശർമ്മയുമായും ചീഫ് സെലക്ടർ നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ടീമിനെ തിരഞ്ഞെടുത്തത്. പരിക്കിനെ തുടർന്ന് ചികിത്സയിൽ തുടരുന്ന കെ എൽ രാഹുൽ 15 അംഗ ടീമിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഏഷ്യ കപ്പിലെ റിസർവ്വ് താരം സഞ്ജുവിന് പുറമെ ഏഷ്യാ കപ്പ് ടീമിലുള്ള യുവതാരം തിലക് വർമ, പേസർ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായ മറ്റ് രണ്ട് താരങ്ങൾ. ഏകദിനത്തിൽ അത്ര നല്ല റെക്കോർഡല്ലെങ്കിലും സൂര്യകുമാർ യാദവും ലോകകപ്പ് ടീമിലുണ്ട്. കെ എൽ രാഹുൽ പരിക്കിൽ നിന്ന് മുക്തനായില്ലെങ്കിൽ റിസർവ് താരമായി സഞ്ജുവിനെ പരിഗണിച്ചേക്കും.
ഇഷാൻ കിഷനും കെ എൽ രാഹുലും വിക്കറ്റ് കീപ്പർമാരാകുന്ന ടീമിൽ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ അക്‌സർ പട്ടേൽ, ഷാർദ്ദുൽ താക്കൂർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവർ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ട്.
Comments