ബഹിരാകാശ നിലയത്തിൽ വെച്ച് ആദ്യമായി പുസ്തക പ്രകാശനം നടത്തി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി. ചരിത്രത്തിലാദ്യമായാണ് രാജ്യാന്തര ബഹിരാകാശ നിലയം പുസ്തക പ്രകാശനത്തിന് വേദിയാകുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ രചിച്ച ദ ജേർണി ഫ്രം ഡസേർട്‌സ് ടു ദ സ്റ്റാർസ് എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ഇത് കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകമാണ്.
പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ വീഡിയോ നെയാദി എക്‌സിൽ പങ്കുവെച്ചു. കുട്ടികൾക്ക് വേണ്ടി തയാറാക്കിയിരിക്കുന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ കരിയറിലെ നാഴികക്കല്ലുകൾ അടയാളപ്പെടുത്തുന്ന അഞ്ച് കഥകളാണുള്ളത്. ഷെയ്ഖ് മുഹമ്മദിന്റെ യാത്രയും യുഎഇ വികസനവും നേട്ടങ്ങളുമാണ് പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. യുഎഇ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാലത്ത് ആരംഭിച്ച യുഎഇയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് ഷെയ്ഖ് മുഹമ്മദ് പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഇത്തരം ഒരു അവസരം ലഭിച്ചതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് നെയാദി പറഞ്ഞു. രാജ്യത്തിന്റെ ശോഭയും ഭാവിയും വളർത്തിയെടുക്കാൻ ഉതകുന്ന പുസ്തകമാണ് ഇതെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
Comments