ഉറക്കത്തിൽ കൂർക്കം വലിക്കുന്നുവെന്നത് പലരും നേരിടുന്ന വലിയ പ്രശ്‌നമാണ്. ഉറങ്ങുന്ന വ്യക്തിക്ക് പുറമേ ഒപ്പമുള്ള ആൾക്കും ഇതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ശ്വാസോച്ഛ്വാസം നടത്തുമ്പോൾ വായു കടന്നു പോകുന്ന വഴിയിലെവിടെയെങ്കിലും തടസങ്ങളുണ്ടാകുന്നതാണ് കൂർക്കം വലിക്ക് കാരണം. കൂർക്കം വലി പ്രായഭേദമന്യേ എല്ലാവരിലും കാണപ്പെടാറുണ്ട്. എന്നാൽ 50 വയസിന് താഴെയുള്ള കൂർക്കം വലി ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രാത്രിയിലുള്ള കൂർക്കം വലി ജീവിതത്തിൽ സ്‌ട്രോക്ക് അല്ലെങ്കിൽ ഹൃദ്രോഗം ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
ആംസ്റ്റർഡാമിലെ യൂറോപ്യൻ സൊസൈറ്റി ഓഫ് കാർഡിയോളജി കോൺഗ്രസിലാണ് പഠനം നടന്നത്. 20-50 വയസിനിടയിൽ പ്രായമുള്ളവരെയാണ് പഠനത്തിനായി ഉപയോഗിച്ചത്. ഏകദേശം 766000 യുഎസ് പൗരന്മാരിൽ നിന്നുള്ള വിവരങ്ങളാണ് ഗവേഷകർ ശേഖരിച്ചത്. തുടർന്ന് ഇതിൽ 7,500 പേർക്ക് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഉണ്ടെന്ന് കണ്ടെത്തി. ഇതുള്ള രോഗികൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രോക്ക് ഉണ്ടാകുന്നതിനുള്ള സാദ്ധ്യത 60 ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി.
നീണ്ട പത്ത് വർഷത്തെ വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. കൂർക്കം വലിക്കുന്നവർക്ക് ഏട്രിയൽ ഫൈബ്രിലേഷൻ ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണെന്നും പഠനത്തിൽ സൂചിപ്പിക്കുന്നു. ക്രമരഹിതവും അസാധാരണവേഗതയിലുള്ള ഹൃദയമിടിപ്പിലേക്ക് നയിക്കുന്ന ഒരു അവസ്ഥയാണിത്.
Comments