ഇസ്ലാമബാദ്: ഓഗസ്റ്റ് മാസത്തിൽ പാകിസ്താനിൽ ഭീകരാക്രമണങ്ങളിൽ 83 ശതമാനം വർധന. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്‌ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് തയ്യാറാക്കിയ റിപ്പോർട്ട് ഉദ്ധരിച്ച് ജിയോ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഓഗസ്റ്റ് മാസത്തിൽ 99 ഭീകരാക്രമണങ്ങൾ ഉണ്ടായി. 2014 നവംബറിന് ശേഷം ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ സംഖ്യയാണിത്. ജൂലൈ മാസത്തിൽ മാത്രം അഞ്ച് ചാവേർ ആക്രമണങ്ങൾ നടന്നു. ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ചാവേർ ആക്രമണമാണിത്. മൊത്തത്തിൽ, 2023 ലെ ആദ്യ എട്ട് മാസങ്ങളിൽ പാകിസ്താനിൽ 22 ചാവേർ ആക്രമണങ്ങൾ നടന്നു. അതിൽ 227 പേർ കൊല്ലപ്പെടുകയും 497 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണങ്ങളിൽ 24 ഭീകരർ കൊല്ലപ്പെട്ടു. 69 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഏറ്റവും കൂടുതൽ ഭീകരാക്രമണം ഉണ്ടായ പ്രദേശങ്ങൾ ബലൂചിസ്ഥാനും മുൻ ഫെഡറൽ അഡ്മിനിസ്ട്രേറ്റഡ് ട്രൈബൽ ഏരിയകളും (എഫ്എടിഎ) ആയിരുന്നു. ബലൂചിസ്ഥാനിൽ ഭീകര ആക്രമണങ്ങളിൽ 65 ശതമാനം വർധനയുണ്ടായി. ജൂലൈയിലെ 17 ആയിരുന്നത് ആഗസ്റ്റിൽ 28 ആയി. എഫ്എടിഎയിൽ 106 ശതമാനം വർധനവ് രേഖപ്പെടുത്തി, ജൂലൈയിലെ 18ൽ നിന്ന് ആഗസ്തിൽ 37 ആയതായും കണക്കുകൾ പറയുന്നു.
മിക്ക ചാവേർ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് തെഹരീകെ താലിബാൻ പാകിസ്താനും (ടിടിപി) അതിന്റെ ഉപ സംഘടനകളുമാണെന്നും ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു.
Comments