ഹോട്ടലുകളിൽ പോയാൽ ആദ്യം തന്നെ നോക്കുന്ന ഒന്നാണ് അവിടുത്തെ പ്രധാന ഭക്ഷണങ്ങൾ അടങ്ങിയ മെനു കാർഡ്. ഹോട്ടൽ ജീവനക്കാർ അടുത്ത് വന്ന് ഭക്ഷണങ്ങൾ എന്തൊക്കെയുണ്ടെന്നു പറഞ്ഞു തന്നാലും മെനു കാർഡ് നോക്കി ഇഷ്ടമുള്ള ഭക്ഷണങ്ങൾ ഓർഡർ ചെയ്യാൻ താത്പര്യപ്പെടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ കാഴ്ച പരിമിതർ മെനു കാർഡ് നോക്കി ഭക്ഷണം ഓർഡർ ചെയ്യുക എന്നത് അവരെ ബുദ്ധിമുട്ടിലാക്കുന്നതാണ്. അതിനൊരു പരിഹാരമായിട്ടാണ് മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുമുള്ള ഒരു റെസ്‌റ്റോറന്റ് എത്തിയിരിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായി ബ്രെയിൽ ലിപിയിലുള്ള മെനു കാർഡുകളാണ് ഗുരുകൃപ റെസ്റ്റോറന്റ് അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ച വൈകല്യമുള്ളവർക്ക് ഇനി ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ അവരുടെ ഇഷ്ടഭക്ഷണം മെനുവിലൂടെ വിരലോടിച്ച് ഓർഡർ ചെയ്യാവുന്നതാണ്.
റെസ്‌റ്റോറന്റ് മഹേഷ് ദൃഷ്ടി കല്യാൺ സംഘിൽ നിന്നുള്ള കാഴ്ച വൈകല്യമുള്ള കുട്ടികളെ ഭക്ഷണം കഴിക്കുന്നതിനായി ക്ഷണിച്ചിരുന്നു. ബ്രെയിൽ ലിപിയിൽ ആലേഖനം ചെയ്തിരിക്കുന്ന മെനു കാർഡുകൾ ഉപയോഗിച്ച് കുട്ടികൾ ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചതായി റെസ്‌റ്റോറന്റ് ഉടമകൾ പറഞ്ഞു. കാഴ്ച പരിമിതി ഉള്ളവർക്ക് ഇത്തരം മെനു കാർഡുകൾ ഉപകാര പ്രദമാകുമെന്നും ഇതുമൂലും അവരുടെ ആത്മവിശ്വാസം വർദ്ധിക്കുമെന്നും റെസ്റ്റോറന്റ് ഉടമകൾ കൂട്ടിച്ചേർത്തു.















