ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിലെ ജൈത്രയാത്ര 2026ലും തുടരാൻ മെസിയും കൂട്ടരും. ഇക്വഡോറിനെ 2026ലെ ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിലാണ് അർജന്റീന പരാജയപ്പെടുത്തിയത്. പ്രതിരോധത്തിന്റെ സകല പാഠങ്ങളും പുറത്തെടുത്തിട്ടും മെസ്സിയെന്ന മജീഷ്യനെ പിടിച്ചുകെട്ടാൻ മാത്രം ഇക്വഡോറിന് കഴിഞ്ഞില്ല. ഫ്രീകിക്കിലൂടെ സൂപ്പർതാരം ലയണൽ മെസ്സി വിജയഗോൾ കണ്ടെത്തിയ മത്സരത്തിൽ ഈ ഒരേയൊരു ഗോളിലാണ് അർജന്റീന ആദ്യ റൗണ്ടിൽ മുന്നേറിയത്.
പ്രതിരോധം കൊണ്ട് അർജന്റീനയെ പൂട്ടാൻ ഇക്വഡോർ ശ്രമിച്ചു. എന്നാൽ ആദ്യപകുതിയിൽ പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് മെസിയും കൂട്ടരും ഇക്വഡോറിനെ പൂട്ടി. മികച്ച പാസുകളിലൂടെ ആകർഷകമായി കളി മെനഞ്ഞിട്ടും ഇടവേളക്കുമുമ്പ് ഒരു ഷോട്ടുപോലും ടാർഗറ്റിലേക്ക് പായിക്കാൻ അർജന്റീനക്ക് കഴിഞ്ഞില്ല. ഒരു തവണ മാർട്ടിനെസിന്റെ പ്ലേസിങ് ചിപ്പ് പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയതായിരുന്നു ആദ്യപകുതിയിൽ മെസിപ്പടയ്‌ക്ക് ലഭിച്ച മികച്ച അവസരം.
ഇടവേളക്കുശേഷവും അർജന്റീന മുന്നേറ്റങ്ങൾ ഇക്വഡോർ തകർത്തു. ഒരു തവണ ഡി പോളുമൊത്ത് പന്ത് പാസ് ചെയ്ത് ബോക്‌സിൽ കയറിയശേഷം മൂന്നു ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് മെസ്സി തൊടുത്ത ദുർബലമായ ഗ്രൗണ്ടർ ഇക്വഡോർ ഗോളി ശ്രമകരമായാണ് കൈയിലൊതുക്കിയത്. അർജന്റീന കൂട്ടമായി കയറിയെത്തുന്ന അവസരം മുതലെടുത്ത് ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളുമായി ഇക്വഡോർ മത്സരത്തിൽ സജീവമായി.
ഗോളൊന്നും പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം 78-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് മെസ്സി വലയിലെത്തിക്കുകയായിരുന്നു. സെപ്റ്റംബർ 13-ന് ബൊളീവിയക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. അവസാനഘട്ടത്തിൽ ലീഡുയർത്താൻ അർജന്റീന ശ്രമിച്ചെങ്കിലും ഇക്വഡോർ അവസരമൊരുക്കിയില്ല. 88-ാം മിനിറ്റിൽ മെസി ഗ്രൗണ്ടിൽ നിന്ന് പലാസിയോസിന് അവസരം നൽകി തിരിച്ചുകയറുമ്പോൾ നിറഗാലറി എഴുന്നേറ്റുനിന്ന് കരഘോഷങ്ങളോടെ പ്രിയതാരത്തിന് ആദരമർപ്പിച്ചു.
Comments