ഡൽഹി: ഡൽഹിയിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്താനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് അദ്ദേഹം. ജി20യുടെ അവസാന ദിവസമായ സെപ്റ്റംബർ 10-ന് അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്താനാണ് നീക്കം. ഇന്ത്യയിൽ വന്നിറങ്ങിയതിന് പിന്നാലെ തന്നെ ഡൽഹിയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഋഷി സുനക് മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഹിന്ദു എന്നതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഒരു ഹിന്ദു എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അങ്ങനെയാണ് ഞാൻ വളർന്നത്. അടുത്ത രണ്ട് ദിവസം ഞാൻ ഇന്ത്യയിലുണ്ട്. ഈ അവസരത്തിൽ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞങ്ങൾ രക്ഷാബന്ധൻ അടുത്തിടെ ആഘോഷിച്ചിരുന്നു. എന്റെ സഹോദരി എനിക്ക് രാഖികൾ കെട്ടി നൽകി. കഴിഞ്ഞ ദിവസം നടന്ന ജന്മാഷ്ടമി നല്ല രീതിയിൽ ആഘോഷിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. പക്ഷേ, ഇത്തവണ ഇന്ത്യയിലെ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്തി അത് നികത്താൻ കഴിയുമെന്നാണ് എന്റെ വിശ്വാസം’- എന്നായിരുന്നു ഋഷി സുനക്ക് പറഞ്ഞത്.
സെപ്റ്റംബർ എട്ടിന് ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ ഋഷി സുനക്കിനെ സ്വീകരിച്ചത് ബീഹാറിലെ ബക്‌സർ എംപിയും കേന്ദ്രമന്ത്രിയുമായ അശ്വിനി കുമാർ ചൗബെയെയാരിന്നു. ‘ജയ് ശ്രീറാം’ എന്ന് അഭിവാദ്യം ചെയ്തുകൊണ്ടാണ് ഇരുവരും സന്തോഷം പങ്കുവെച്ചത്. ഭഗവാൻ ശ്രീരാമനും സഹോദരൻ ലക്ഷ്മണനും ഗുരു മഹർഷി വിശ്വാമിത്രനിൽ നിന്ന് ദീക്ഷ സ്വീകരിച്ച് തഡ്കയെ വധിച്ച സ്ഥലമാണ് ബക്സർ എന്നും ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അശ്വിനി കുമാർ ചൗബെ വിവരിച്ചു നൽകി. ഋഷി സുനക്കിന് രുദ്രാക്ഷവും ഭഗവദ്ഗീതയും അശ്വിനി ചൗബെ സമ്മാനിക്കുകയും ചെയ്തിരുന്നു.
Comments