ന്യൂഡൽഹി: ജി20 ഉച്ചകോടിയിൽ സംയുക്ത പ്രസ്താവനയിൽ സമവായം. സന്തോഷ വാർത്ത അറിയിക്കുന്നുവെന്ന മുഖവുരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്നും ഒരു രാജ്യത്തേയ്‌ക്കും കടന്നുകയറ്റം പാടില്ലെന്നും ഇത് അക്രമത്തിന്റെയും അധിനിവേശത്തിന്റെയും കാലമല്ലെന്നുമാണ് ജി20 ഉച്ചകോടിയിലെ സംയുക്ത പ്രഖ്യാപനം. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയെ നേരിട്ട് പരാമാർശിക്കാതെയായിരുന്നു പ്രഖ്യാപനം.
യുഎൻ ചാർട്ടർ പ്രകാരം ഒരു രാജ്യങ്ങളിലേക്കും കടന്നുകയറ്റം പാടില്ലെന്നും യുക്രെയ്‌നിലെ സംഘർഷത്തിൽ പരിഹാരമുണ്ടാകണമെന്നും ഐക്യകണ്‌ഠേന സംയുക്ത പ്രസ്താവന അംഗീകരിച്ചു. ആണവായുധങ്ങൾ ഉപയോഗിക്കുന്നതും മറ്റു രാഷ്‌ട്രങ്ങൾക്ക് അതിലൂടെ ഭീഷണി ഉയർത്തുതും അംഗീകരിക്കാനാവില്ല. യുക്രെയ്ൻ യുദ്ധം കൊറോണയ്‌ക്ക് ശേഷമുളള ദുരിതത്തിന്റെ ആക്കം കൂട്ടി.
2022-ൽ ഉസ്ബെക്കിസ്ഥാനിൽ നടന്ന സമ്മേളനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ഇത് യുദ്ധത്തിന്റെ കാലമല്ല എന്ന പരാമർശം ഉദ്ദരിച്ചുകൊണ്ടായിരുന്നു ജി20 ഉച്ചകോടിയിൽ പ്രഖ്യാപനം നടന്നത്. യുക്രെയ്ൻ വിഷയത്തിൽ ലോകരാജ്യങ്ങളുടെ നിലപാടുകൾ വ്യത്യസ്തമായതിനാൽ ഒരു സംയുക്ത പ്രസ്താവന അംഗീകരിക്കാൻ കഴിയുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാൽ, യുക്രെയ്ൻ യുദ്ധത്തിൽ സംയുക്ത പ്രസ്താവന വന്നതോടെ ഇന്ത്യയുടെ നയതന്ത്രം വിജയിച്ചു എന്ന്് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
രാജ്യാന്തര നിയമത്തിന്റെ തത്വങ്ങളായ പ്രാദേശിക സമഗ്രതയും, പരമാധികാരവും, അന്താരാഷ്‌ട്ര മാനുഷിക നിയമവും ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സമാധാനവും സ്ഥിരതയുമാണ് രാഷ്‌ട്രങ്ങൾക്ക് ആവശ്യം. ആഗോള ഭക്ഷ്യ-ഊർജ്ജ സുരക്ഷ, വിതരണ ശൃംഖല, സാമ്പത്തിക രംഗത്തെ സ്ഥിരത, പണപ്പെരുപ്പം, വളർച്ച എന്നിവ യുക്രെയ്‌നിലെ യുദ്ധത്തിന് ശേഷം സങ്കീർണമായി. സുസ്ഥിര വികസനത്തിലേക്കുളള ലോകരാഷ്‌ട്രങ്ങളുടെ ജൈത്രയാത്രയ്‌ക്ക് യുക്രെയ്ൻ യുദ്ധം ആക്കം സൃഷ്ടിച്ചു. യുക്രെയ്‌നിൽ നിന്നും റഷ്യയിൽ നിന്നും ധാന്യം, ഭക്ഷണം എന്നിവ ലോകരാജ്യങ്ങളിലേയ്‌ക്ക് ഇറക്കുമതി ചെയ്യുതിനായി കരിങ്കടലിൽ ഒരു കരാർ നടപ്പിലാക്കണം.
”രാജ്യാന്തര നിയമത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. സംഘർഷങ്ങളിൽ സമാധാനപരമായ പരിഹാരം, പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനുള്ള ശ്രമം, നയതന്ത്രം, ചർച്ച എന്നിവ പ്രധാനമാണ്. ആഗോള സമ്പദ്വ്യവസ്ഥയിൽ യുദ്ധം സൃഷ്ടിച്ച ആഘാതം പരിഹരിക്കാനുള്ള ശ്രമത്തിൽ ഒന്നിച്ച് നിൽക്കണം. യുക്രെയ്നിൽ സമഗ്രവും നീതിപൂർവവും ശാശ്വതവുമായ സമാധാനത്തെ പിന്തുണയ്‌ക്കും. പ്രസക്തവും ക്രിയാത്മകവുമായ നടപടികളെ സ്വാഗതം ചെയ്യും. ഈ യുഗം യുദ്ധത്തിന്റേതല്ല” സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു.
Comments